യു.എസില്‍ വെടിയേറ്റു മരിച്ച ശ്രീനിവാസിന് നാടിന്‍െറ അന്ത്യാഞ്ജലി

മല്ലാംപേട്ട്(ആന്ധ്രപ്രദേശ്):  യു.എസിലെ കാന്‍സസ് സിറ്റിയില്‍ വംശീയവിദ്വേഷത്തിനിരയായി  വെടിയേറ്റു മരിച്ച എന്‍ജിനീയര്‍ ശ്രീനിവാസ ് കുച്ചിബോട്ലക്ക്  ആയിരങ്ങളുടെ അന്ത്യാഞ്ജലി.  പ്രനീത് നാച്വര്‍ ബൗണ്ടി കോളനിയിലെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം എത്തിച്ചത്.  ശ്രീനിവാസിന്‍െറ പിതാവ്  മധുസൂദന റാവുവിനെയും   മാതാവ് വര്‍ധിനിയെയും  ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും മറ്റും കുഴങ്ങി.  

ശ്രീനിവാസിന്‍െറ ഭാര്യ സുനയന ദുമാലയും  മൃതദേഹത്തിനൊപ്പം  എത്തിയിരുന്നു.  ശ്രീനിവാസിന്‍െറ ഭൗതിക ശരീരം ഒരു നോക്കുകാണാന്‍ എത്തിയവരെക്കൊണ്ട് പ്രദേശം നിറഞ്ഞു. നാടിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിനാളുകള്‍  വീട്ടിലേക്ക് ഒഴുകുകയായിരുന്നു. ബാരിക്കേഡ് തീര്‍ത്താണ് പൊലീസ് ജനങ്ങളെ നിയന്ത്രിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ്  ശ്രീനിവാസിനെ (32) അമേരിക്കയിലെ മുന്‍ സൈനികന്‍ ആഡം പ്യൂരിന്‍റണ്‍  കൊലപ്പെടുത്തിയത്. സുഹൃത്ത് വാറങ്കല്‍ സ്വദേശി അലോക് മദസാനിക്കും യു.എസ് പൗരനും  വെടിയേറ്റു.

നാട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കും യുവ എന്‍ജിനീയറെക്കുറിച്ച്  നല്ലതേ പറയാനുള്ളു. ചെറിയ കുടുംബത്തില്‍നിന്ന്  വളര്‍ന്ന് അമേരിക്കയില്‍  എന്‍ജിനീയറായ ശ്രീനിവാസിനെക്കുറിച്ച്  അവര്‍ അഭിമാനം കൊണ്ടിരുന്നു. നാട്ടില്‍ വരുമ്പോഴെല്ലാം  തങ്ങളുടെ കോളനിയിലൊരാളായി ഇടപഴകിയിരുന്ന ശ്രീനിവാസിനുണ്ടായ ദുരന്തത്തിന്‍െറ നടുക്കത്തിലാണവര്‍. പുരോഹിതന്മാരുടെ സാന്നിധ്യത്തില്‍  ചടങ്ങുകള്‍ക്ക് ശേഷം പുഷ്പാലംകൃതമായ വാഹനത്തില്‍ ഹൈദരാബാദിലെ ജൂബിലി ഹില്‍സ് ശ്മശാനത്തിലത്തെിച്ചാണ് മൃതദേഹം  സംസ്കരിച്ചത്.

Tags:    
News Summary - sreenivas is nomore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.