ന്യൂഡൽഹി: പാർലമെന്റിന്റെ മൂന്നു ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും. വനിതാ സംവരണ ബിൽ അടക്കമുള്ളവ ചർച്ച ചെയ്യാനായാണ് സമ്മേളനം. 2029-ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വനിതാ സംവരണം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നിയമഭേദഗതി ബിൽ കേന്ദ്രസർക്കാർ വ്യാഴാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാലെ ബിൽ പാസാവുകയുള്ളൂ.
ബിൽ പാസാകുന്നതോടെ ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്നു സീറ്റ് വനിതകൾക്കായി സംവരണം ചെയ്യും. പട്ടികജാതി/വർഗ വനിതകളെക്കൂടി ഉൾപ്പെടുത്തിയാണിത്. ലോക്സഭയിലെ അംഗബലം 850 ആകും. വനിതാപ്രാതിനിധ്യം 284 വരെയാകും. വനിതാസംവരണ സീറ്റുകൾ റോട്ടേഷൻ വ്യവസ്ഥയിലാണ് നിശ്ചയിക്കുക. 15 വർഷത്തേക്കാണ് വനിതാ സംവരണം.
നിലവിൽ, ബില്ലിന്മേൽ ലോക്സഭയിൽ 18 മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിട്ടുള്ളത്. ചർച്ചയുടെ ആദ്യദിനമായ ഇന്ന് പ്രധാനമന്ത്രി സഭയിൽ സംസാരിക്കും. ഇതിന്റെ തുടർച്ചയായി രാജ്യസഭയിൽ 16 മണിക്കൂറാണ് ചർച്ചക്ക് നിശ്ചയിച്ചിരിക്കുന്നത്. വനിതാ സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി മൂന്നു ഭേദഗതി ബില്ലുകളാണ് 16 മുതൽ 18 വരെ നീളുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്.
131 -ാം ഭരണഘടനാ ഭേദഗതി ബില്‍, ഡിലിമിറ്റേഷന്‍ ബില്‍, കേന്ദ്രഭരണ പ്രദേശ ഭേദഗതി എന്നിവയാണ് അവതരിപ്പിക്കുക. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കാനാണ് നീക്കം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ തന്നെ മണ്ഡല പുനഃക്രമീകരണം നടത്തുമെന്നാണ് ബില്ലിൽ പറയുന്നത്.
വനിത സംവരണവുമായി ബന്ധപ്പെട്ട നിയമഭേദഗതിയുടെ പിന്നിൽ 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ജയിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യമാണ് സർക്കാറിനുള്ളതെന്നും, പ്രതിപക്ഷം അത് പരാജയപ്പെടുത്തണമെന്നും രാജ്യസഭാ എം.പി കപിൽ സിബൽ. മണ്ഡല പുനർനിർണയം അനുകൂലമാക്കി പരുവപ്പെടുത്തി തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള തന്ത്രമാണ് ബി.ജെ.പി ഒരുക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികളെ അദ്ദേഹം ഓർമിപ്പിച്ചു.
വനിതകൾക്ക് 33 ശതമാനം സംവരണം നൽകാൻ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ലോക്സഭയിൽ നിലവിലുള്ള 543 സീറ്റുകളിൽ വനിതകൾക്ക് സംവരണം നൽകാനുള്ള ബില്ലാണ് സർക്കാർ കൊണ്ടുവരേണ്ടത്. ബി.ജെ.പി എന്ത് ചെയ്താലും രാഷ്ട്രീയ ലക്ഷ്യം മുന്നിൽ ക്കണ്ടാണ്. ഗുണകരമാകുമെന്ന് ബോധ്യമാകുമ്പോഴാണ് അവർ ബിൽ അവതരിപ്പിക്കുക. 2026നുശേഷം സെൻസസും മണ്ഡല പുനർനിർണയവും പൂർത്തിയാക്കിയ ശേഷം വനിത സംവരണ നിയമം നടപ്പാക്കാമെന്ന ലക്ഷ്യത്തിലാണ് 106ാം ഭരണഘടനാ ഭേദഗതി ബില്ലിലെ 334-എ വകുപ്പ് അവതരിപ്പിച്ചത്. പാർലമെന്റ് അത് ഐകകണ്ഠ്യേന പാസാക്കുകയും ചെയ്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.