യുദ്ധത്തിൽ പാക് സൈന്യവും മോദിയും ഒത്തുകളിച്ചെന്ന് ആരോപണം; കോളിളക്കം സൃഷ്ടിച്ച് ഇമ്രാൻ ഖാന്റെ സഹോദരിയുടെ പ്രസ്താവന, വിശദീകരണംതേടി അധികൃതർ

ഇസ്‍ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിലെ യുദ്ധം സംബന്ധിച്ച് ഗുരുതര ആരോപണവുമായി രംഗത്തുവന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി നൗറീൻ നിയാസിക്ക് പാകിസ്താനിലെ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ സമൻസ്. രാജ്യത്തെ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുകയും തെറ്റായതും പ്രകോപനപരവും അപകീർത്തികരവുമായ ഉള്ളടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്നാരോപിച്ചാണ് നടപടി.

ഏജൻസിയുടെ ഓഫിസിൽ നേരിട്ട് ഹാജരായി മൊഴി നൽകാനാ​ണ് ഇവരോട് നിർദേശിച്ചിട്ടുള്ളത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇവർ വിവാദപരമായ ആരോപണങ്ങൾ ഉന്നയിച്ചത്.

2025 മേയ് മാസത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന നാല് ദിവസത്തെ സൈനിക ഏറ്റുമുട്ടൽ പാക് സൈനിക നേതൃത്വവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നുവെന്നാണ് അവർ ആരോപിച്ചത്. പാകിസ്താൻ സായുധസേനയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനായാണ് സൈനിക നടപടികൾ ആസൂത്രണം ചെയ്തതെന്നും ഇവർ അഭിമുഖത്തിൽ പറയുന്നുണ്ട്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് അന്വേഷണ ഏജൻസി സമൻസ് അയച്ചിരിക്കുന്നത്.

2025ൽ ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസാരൻ താഴ്വരയിൽ നടന്ന ഭീകരാക്രമണത്തിൽ 25 വിനോദസഞ്ചാരികളും ഒരു കുതിരസവാരി തൊഴിലാളിയും കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ നാല് ദിവസം നീണ്ടുനിന്ന സൈനിക സംഘർഷമുണ്ടായത്.

ഈ സംഘർഷത്തിൽ പാകിസ്ഥാൻ സൈന്യത്തിന്റെ പ്രതികരണത്തെയാണ് നൗറീൻ നിയാസി വിമർശിച്ചത്. മാത്രമല്ല, ഇന്ത്യ മനപ്പൂർവമാണ് കൂടുതൽ ശക്തമായ സൈനിക നടപടി സ്വീകരിക്കാതിരുന്നതെന്നും ഇവർ ആരോപിക്കുന്നുണ്ട്. ‘ഇന്ത്യ വലിയ രാജ്യമാണ്. മേയ് 10ന് പാകിസ്താൻ ആക്രമിച്ചപ്പോൾ ഇന്ത്യക്ക് ശക്തമായി തിരിച്ചടിക്കാൻ കഴിവുണ്ടായിരുന്നു. എന്നാൽ ചില ധാരണകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ അതിൽ നിന്ന് വിട്ടുനിന്നു - അവർ അഭിമുഖത്തിൽ പറഞ്ഞു.

സൈനിക നടപടികളുടെ മറ്റൊരു ലക്ഷ്യം പാകിസ്താനെ ഇസ്രയേലിനെ അംഗീകരിക്കുന്ന അബ്രഹാം കരാറിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്നും അവർ പറയുന്നുണ്ട്. 2020ൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേലും വിവിധ അറബ് രാജ്യങ്ങളും തമ്മിൽ നയതന്ത്ര, സാമ്പത്തിക, സുരക്ഷാ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനായി രൂപംകൊണ്ട കരാറാണിത്.

പരാമർശങ്ങൾ പാകിസ്താനിൽ ഇതിനകം കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. പ്രസ്താവന അവരുടെ സഹോദരൻ ഇമ്രാൻ ഖാന്റെ ചിന്താഗതിയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഇമ്രാൻ ഖാന്റെ കുടുംബം എപ്പോഴും പാകിസ്താന്റെ നേട്ടങ്ങളോട് അസ്വസ്ഥത പ്രകടിപ്പിച്ചവരാണെന്നും പഞ്ചാബ് പ്രവിശ്യയിലെ വിവര-സാംസ്കാരിക മന്ത്രി അസ്മ ബുഖാരി പ്രതികരിച്ചു.

പാകിസ്താൻ മുസ്‍ലിം ലീഗ്-നവാസ് പാർട്ടി നേതാവാണിവർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണക്കുന്ന തരത്തിലുള്ള പരാമർശങ്ങളും നൗറീൻ നടത്തിയതായും മന്ത്രി ആരോപിച്ചതായി ചില പാക് മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

Tags:    
News Summary - Imran Khan's sister Naureen summoned by Pakistan cyber agency over remarks on India-Pak war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.