സഞ്ജയ് റാവത്ത്

'ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം ആലപിക്കാൻ മോദിയെയും അമിത് ഷായെയും വെല്ലുവിളിക്കുന്നു'; നിയമഭേദഗതിക്കെതിരെ കടുത്ത വിമർശനവുമായി സഞ്ജയ് റാവത്ത്

ന്യൂഡൽഹി: വന്ദേമാതരത്തെ അപമാനിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകരമാക്കുന്ന നിയമഭേദഗതി അവതരിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് എം.പി. ടെലിപ്രോംപ്റ്ററിന്റെ സഹായമില്ലാതെ വന്ദേമാതരം ആലപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അദ്ദേഹം പരസ്യമായി വെല്ലുവിളിച്ചു.

പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സഞ്ജയ് റാവത്ത് ഈ വെല്ലുവിളി നടത്തിയത്. 1971ലെ 'ദേശീയ ബഹുമതികൾക്ക് നേരെയുള്ള അപമാനങ്ങൾ തടയൽ നിയമം' ഭേദഗതി ചെയ്യുന്ന ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കാനിരിക്കെയാണ് റാവത്തിന്റെ പരാമർശം. വന്ദേമാതരം തടസ്സപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്നത് കുറ്റകരമാക്കുന്നതാണ് പുതിയ നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. പാർലമെന്റ് മൺസൂൺ സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

കോക്രോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്ത 'ചലോ സൻസദ്' മാർച്ചിനെക്കുറിച്ച് സംസാരിക്കവെ, ഈ പ്രക്ഷോഭത്തിന്റെ വ്യാപ്തിയെ സർക്കാർ കുറച്ചുകണ്ടെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു. ‘എന്താണ് സംഭവിക്കാൻ പോകുന്നതെന്നും, എന്താണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും, ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്നും അവർക്ക് മനസ്സിലായിട്ടില്ല. ഞങ്ങളെ പ്രാണികളെപ്പോലെ ഇല്ലാതാക്കാമെന്നാണ് അവർ കരുതിയത്. എന്നാൽ അതല്ല സംഭവിച്ചത്; ഈ 'കോക്രോച്ച് ജനതാ പാർട്ടി' ആയിരക്കണക്കിന്, ലക്ഷക്കണക്കിന് ആളുകളുമായാണ് ജന്തർ മന്തറിൽ എത്തിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള പ്രധാന നഗരങ്ങളിൽ ഈ പ്രക്ഷോഭത്തിന് വൻ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്,’ സഞ്ജയ് റാവത്ത് പറഞ്ഞു.

പ്രതിഷേധങ്ങളോടുള്ള സർക്കാരിന്റെ സമീപനത്തെയും സഞ്ജയ് റാവത്ത് ചോദ്യം ചെയ്തു. തെരുവിലിറങ്ങിയ ലക്ഷക്കണക്കിന് ആളുകളെ മുഴുവൻ ജയിലിലടക്കുമോ? അതോ അവർക്കെതിരെ സി.ബി.ഐയെ അഴിച്ചുവിടുമോ എന്നും സഞ്ജയ് റാവത്ത് ചോദിച്ചു. സർക്കാരിന്റെ കൈകളിലായിരുന്നു കാര്യങ്ങളെങ്കിൽ ജന്തർ മന്തറിൽ ഇരിക്കുന്ന ഓരോരുത്തർക്കും എതിരെ ഇ.ഡി നടപടി സ്വീകരിച്ചേനെ. എന്നാൽ അത്തരം കാര്യങ്ങൾ ഇപ്പോൾ സാധ്യമല്ലെന്നും റാവത്ത് പരിഹസിച്ചു.

പാർലമെന്റ് സ്ട്രീറ്റിലേക്ക് മാർച്ച് നടത്താൻ അനുമതി ലഭിച്ചില്ലെങ്കിൽ, പ്രതിഷേധക്കാർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്കും സുപ്രീം കോടതിയിലേക്കും മാർച്ച് നടത്തണമെന്നും റാവത്ത് നിർദേശിച്ചു. ഈ രണ്ട് സ്ഥാപനങ്ങളും രാജ്യത്തിന് വലിയ നാശമാണ് വരുത്തിവെച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം സോനം വാങ്ചുക്കുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെയെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കി. ജന്തർ മന്ദിറിൽ സമരം ചെയ്യുന്ന ഓരോ വിദ്യാർഥിയും ഓരോ നേതാവാണെന്നും അവർക്ക് പ്രത്യേകം നേതൃത്വത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിനിടെ വിദ്യാഭ്യാസ രംഗത്തെ വീഴ്ചകൾക്കെതിരെ സി.ജെ.പി നടത്തുന്ന പ്രതിഷേധങ്ങൾ ഡൽഹിയിൽ തുടരുകയാണ്. പാർലമെന്റ് മൺസൂൺ സമ്മേളനം ആരംഭിച്ച സാഹചര്യത്തിൽ കനത്ത പൊലീസ് സുരക്ഷയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

Tags:    
News Summary - Sanjay Raut dares PM Modi, Amit Shah on Vande mataram recitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.