ജന്തർ മന്തറിലെ സമരം: മുട്ടുമടക്കി കേന്ദ്രം; മന്ത്രി ജെ.പി നദ്ദ സി.ജെ.പി നേതാക്കളുമായി ചർച്ച നടത്തും

ന്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സമരം നടത്തുന്ന സി.ജെ.പി പ്രവർത്തകരുടെ ആവശ്യങ്ങൾക്കു മുന്നിൽ കേന്ദ്രം മുട്ടുമടക്കുന്നു. കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളെ ബന്ധപ്പെട്ട കേന്ദ്ര സർക്കാർ പ്രതിനിധികൾ, അവർ ആവശ്യപ്പെട്ട പ്രകാരം കേന്ദ്ര മന്ത്രിയുമായി സംസാരിക്കാൻ അവസരമൊരുക്കി. പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യദിനത്തിൽ സി.ജെ.പി പ്രഖ്യാപിച്ച പാർലമെന്റ് മാർച്ചിന് വൻ ജനപങ്കാളിത്തം ലഭിച്ചതിനു പിന്നാലെയാണ് സമരക്കാരെ കേന്ദ്രം ചർച്ചയ്ക്ക് വിളിച്ചത്. സർക്കാർ പ്രതിനിധികൾ തങ്ങളെ ബന്ധപ്പെടുകയും, നേതാക്കൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയെ കാണാൻ അവസരം നൽകാമെന്ന് ഉറപ്പുനൽകുകയും ചെയ്തതായി സി.ജെ.പി അറിയിച്ചു. പാർട്ടി പ്രതിനിധികളായ സൗരവ് ദാസിനെയും ദേശീയ വക്താവ് അശുതോഷ് രങ്കയെയും സി.ജെ.പി കൂടിക്കാഴ്ചയ്ക്കായി അയക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സർക്കാർ ഡൽഹി ഡി.സി.പി സച്ചിൻ ശർമ്മ വഴി സമരക്കാരുമായി ബന്ധപ്പെടുകയും, ആദ്യം ജില്ലാ മജിസ്ട്രേറ്റുമായും പിന്നീട് ഗവൺമെന്റ് സെക്രട്ടറിയുമായും ചർച്ചയ്ക്ക് അവസരമൊരുക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ പ്രധാനമന്ത്രിയെയോ കേന്ദ്രമന്ത്രിമാരെയോ മാത്രം കാണണമെന്ന നിലപാടിൽ സി.ജെ.പി ഉറച്ചുനിന്നു. ചർച്ച നടത്താൻ ആഗ്രഹിക്കുന്ന മന്ത്രിമാരുടെ പേരുകളും അവർ നൽകി. ഇതിനു ശേഷമാണ് നദ്ദയുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചതെന്നാണ് റിപ്പോർട്ട്. സമരനേതാക്കളും സർക്കാരും തമ്മിലുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.

സൗരവ് ദാസ് ട്വീറ്റിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു: “കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിനിധികളായി അശുതോഷ് രങ്കയും ഞാനും ജെ.പി നദ്ദയെ കാണാൻ പോകുന്നു. രാവിലെ സർക്കാർ ചർച്ചയ്ക്കായി ബന്ധപ്പെട്ടിരുന്നു. ഞങ്ങളുടെ ആവശ്യങ്ങൾ വ്യക്തമാണ്. യുവജനങ്ങൾ വൻതോതിൽ എത്തിച്ചേർന്നിട്ടുണ്ട്. ഞങ്ങൾ വിജയിക്കും!” എന്ന് സൗരവ് ദാസ് എക്സിൽ കുറിച്ചു. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് തങ്ങളെ ബന്ധപ്പെട്ടതായി ഇന്ന് രാവിലെ തന്നെ സി.ജെ.പി അറിയിച്ചിരുന്നു. ഒരു മാസമായി തുടരുന്ന സമരത്തിനിടെ ഇതാദ്യമായാണ് സർക്കാർ തങ്ങളെ സമീപിക്കുന്നതെന്ന് സി.ജെ.പി വക്താവ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജൂൺ 20-നാണ് ജന്തർ മന്തറിൽ സി.ജെ.പി സമരം തുടങ്ങിയത്. ജൂൺ 28 മുതൽ സോനം വാങ്ചുക്കും നിരാഹാര സമരം തുടങ്ങി. സമരം തുടർന്നതോടെ സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും, സമരത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ വ്യാപക വിമർശനം ഉയരുകയും ചെയ്തതോടെ ജൂലൈ 18-ന് ഡൽഹി പൊലീസ് നാടകീയ നീക്കത്തിലൂടെ അദ്ദേഹത്തെ സമരപ്പന്തലിൽ നിന്ന് ആശുപത്രിയിലേക്ക് നീക്കി. എന്നാൽ ആശുപത്രിയിലും അദ്ദേഹം സമരം തുടരുകയാണ്. ഇതിനിടെയാണ് പാർലമെന്റ് മാർച്ചിനായി വൻതോതിൽ വിദ്യാർഥികൾ തെരുവിലിറങ്ങിയത്. ‘ചലോ സൻസദ്’ മാർച്ചിനോടനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മാർച്ചിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ വിദ്യാർഥികൾക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. വിദ്യാർഥികൾ പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ലാത്തിവീശി അവരെ ഓടിക്കാൻ ശ്രമിച്ചത്. ഇതോടെ പൊലീസും വിദ്യാർഥികളും തമ്മിൽ സംഘർഷമായി. മാർച്ചിനോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർഥികളാണ് ഡൽഹിയിലെത്തിയത്. പൊലീസ് ബാരിക്കേഡ് മറികടന്ന് പല വഴികളിലൂടെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്നവർ ജന്തർ മന്തറിലേക്കെത്തുന്നത്.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടി കാലാവസ്ഥാ പ്രവർത്തകനായ സോനം വാങ്ചുക്ക് ആശുപത്രിയിലും അഭിജിത് ദിപ്കെ ജന്തർ മന്തറിലും നിരാഹാര സമരം തുടരുകയാണ്.

Tags:    
News Summary - Centre reaches out to CJP for talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.