'വിഷം തുപ്പുന്ന വാക്കുകൾ ഒഴിവാക്കൂ...’; ആർ.എസ്.എസ് നേതാവിനെ ശകാരിച്ച് കർണാടക ഹൈകോടതി

ബെംഗളൂരു: മുസ്‌ലിം സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ ആർ.എസ്.എസ് നേതാവ് ഡോ. കല്ലഡ്ക പ്രഭാകർ ഭട്ടിന് കർണാടക ഹൈക്കോടതിയുടെ ശകാരം. പൊതുവേദികളിൽ വിദ്വേഷം ജനിപ്പിക്കുന്ന വാക്കുകൾ ഒഴിവാക്കണമെന്നും ഭാവിയിൽ പ്രസംഗങ്ങളിൽ സ്വയംനിയന്ത്രണം പാലിക്കണമെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന അദ്ദേഹത്തോട് നിർദേശിച്ചു. ഭട്ടിനെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം.

"വിഷം കലരാതെ സംസാരിക്കൂ...എന്തിനാണ് പരാതികൾക്ക് മേൽ പരാതികൾക്ക് ഇടവരുത്തുന്നത്? ഈ വിഷയത്തിന് ഞങ്ങൾ നിയമപരമായി മറുപടി നൽകും" -കോടതി പറഞ്ഞു. കല്ലഡ്ക പ്രഭാകർ ഭട്ട് നിരന്തരമായി മുസ്‌ലിംകളെ ലക്ഷ്യമിട്ട് വർഗീയ വിഷം ചീറ്റുകയാണെന്നും പ്രസംഗങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു കർണാടക ദലിത് ഹക്കുഗള രാജ്യ സമിതി നേതാവ് ഈശ്വരി പദ്മുഞ്ജ കോടതിയെ സമീപിച്ചത്.

ഉള്ളാൽ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഹിന്ദു ജനസംഖ്യ കുറയുകയാണെന്നും, ഇതിനെ പ്രതിരോധിക്കാൻ ഹിന്ദു കുടുംബങ്ങൾ കുറഞ്ഞത് മൂന്ന് കുട്ടികൾക്കെങ്കിലും ജന്മം നൽകണമെന്നുമായിരുന്നു ഭട്ടിന്റെ വിവാദ പ്രസംഗം. ഇത് ഇരുവിഭാഗത്തിലെയും സ്ത്രീകളുടെ അന്തസ്സിനെ പരിക്കേൽപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പുത്തൂർ റൂറൽ പോലീസ് ഭട്ടിനെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്തിരുന്നു. ദക്ഷിണ കന്നഡയിൽ മാത്രം ഭട്ടിനെതിരെ പന്ത്രണ്ടോളം വിദ്വേഷ പ്രസംഗക്കേസുകൾ നിലവിലുണ്ടെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

തുടർന്ന് കേസുകളെല്ലാം ഒന്നിച്ച് പരിഗണിക്കാൻ മാറ്റിയ ഹൈക്കോടതി, ജൂൺ 16-ലേക്ക് കേസ് നീട്ടി. സമാനമായ പ്രസംഗങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ഭട്ട് കോടതിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്ന് ജസ്റ്റിസ് നാഗപ്രസന്ന വ്യക്തമാക്കി. ഇതേ തുടർന്ന്, അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിൽ നിന്നുള്ള താൽക്കാലിക സംരക്ഷണം കോടതി നീട്ടി നൽകി. എന്നാൽ, ജൂൺ രണ്ടിനും ബണ്ട്വാളിൽ മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തിയതിന് ഭട്ടിനെതിരെ പോലീസ് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Speak without venom’: Karnataka HC reprimands RSS leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.