എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ശ്വാസകോശം മാറ്റിവെക്കുന്നുവെന്ന വാർത്ത വ്യാജം

ചെന്നൈ: ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിൻ്റെ ശ്വാസകോശം മാറ്റിവെക്കുമെന്ന വാർത്തകൾ വ്യാജമെന്ന് ആശുപത്രി അധികൃതർ. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് രോഗവിമുക്തി കൈവന്നതിന് ശേഷമാണ് ശ്വാസകോശം മാറ്റിവെക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. ഇത് തികച്ചും അവാസ്തവമാണെന്ന് എം.ജി.എം ഹെൽത്ത്കെയർ ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി.

എസ്.പി.ബിയുടെ കുടുംബം തമിഴ്നാട് ആരോഗ്യവകുപ്പിനു കീഴിലെ അവയവമാറ്റ ശസ്ത്രക്രിയാ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഇത് അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളാണെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.

കഴിഞ്ഞ ദിവസം ഗായകൻ എസ്.പി.ബിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് മകൻ എസ്.പി ചരൺ അറിയിച്ചിരുന്നു. ആശുപത്രിയിൽ വെച്ചാണ് എസ്.പി ബാലസുബ്രഹ്മണ്യം വിവാഹ വാർഷികം ആഘോഷിച്ചത്. പിതാവ് ടെന്നിസും ക്രിക്കറ്റും കാണ്ട് സമയം ചെലവഴിക്കുകയാണെന്നും ചരൺ വ്യക്തമാക്കി. ശ്വാസകോശത്തിന്‍റെ പ്രവർത്തനം പൂർവസ്ഥിതിയിൽ ആകാത്തതിനാൽ വെന്‍റിലേറ്ററിൽ തന്നെ തുടരുകയാണെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ചരൺ അറിയിച്ചിരുന്നു.

കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് ഗായകൻ എസ്.പി. ബാലസുബ്രമണ്യത്തെ ചെന്നൈയിലെ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഇദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.