ലേ: കേന്ദ്ര സർക്കാരുമായി ലഡാക്ക് പ്രതിനിധികൾ നടത്തിയ ചർച്ചയുടെ മിനിറ്റ്‌സിൽ നിന്നും പ്രധാനപ്പെട്ട കാര്യങ്ങൾ ഒഴിവാക്കിയെന്ന് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്. ഉദ്യോഗസ്ഥരേക്കാൾ ജനപ്രതിനിധികൾക്ക് മുൻഗണന നൽകണമെന്നതടക്കമുള്ള നിർണായക വിഷയങ്ങൾ കരട് മിനിറ്റ്‌സിൽ ഉൾപ്പെടുത്തിയില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
കേന്ദ്രവുമായുള്ള ചർച്ചയിൽ ലഡാക്കിന് നിയമസഭയും ഭരണപരമായ അധികാരങ്ങളും വേണമെന്ന കാര്യത്തിൽ ധാരണയായിരുന്നു. ഉദ്യോഗസ്ഥർ ജനപ്രതിനിധികൾക്ക് കീഴ്പ്പെട്ടായിരിക്കും പ്രവർത്തിക്കുക എന്നതായിരുന്നു പ്രധാനപ്പെട്ട മറ്റൊരു ഉറപ്പ്. എന്നാൽ, ഈ കാര്യം മിനിറ്റ്‌സിൽ നിന്ന് മനപ്പൂർവം ഒഴിവാക്കി. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും രണ്ടാമത് നൽകിയ കരടിലും ഇത് ഉൾപ്പെടുത്തിയില്ലെന്നും വാങ്ചുക് പറഞ്ഞു. കൂടാതെ, ഭേദഗതി വരുത്തിയ മിനിറ്റ്‌സിന്റെ പകർപ്പ് നൽകാനോ ഫോട്ടോ എടുക്കാനോ അധികൃതർ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ ഈ ആരോപണങ്ങൾ ലഡാക്ക് ചീഫ് സെക്രട്ടറി ആശിഷ് കുന്ദ്ര തള്ളി. അന്തിമ മിനിറ്റ്‌സ് ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും ചർച്ചകൾക്കായി സ്റ്റേക്ക്‌ഹോൾഡർമാർക്കിടയിൽ വിതരണം ചെയ്ത കരട് രേഖ മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാവുന്നതാണെന്നും അക്കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കാൻ താൻ തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ലഡാക്കിന്റെ സംസ്ഥാന പദവി ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ലേ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും 2021 മുതൽ കേന്ദ്രവുമായി ചർച്ച നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി മെയ് 22ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക യോഗം വിളിച്ചിരുന്നു.
അതേസമയം ചർച്ചയുടെ കൃത്യമായ വിവരങ്ങൾ അടങ്ങിയ സ്വന്തം റിപ്പോർട്ട് ലഡാക്ക് പ്രതിനിധികൾ തയാറാക്കിയിട്ടുണ്ടെന്ന് വാങ്ചുക് അറിയിച്ചു. മിനിറ്റ്‌സിൽ മാറ്റം വരുത്താൻ തയാറായില്ലെങ്കിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചർച്ചകൾ വഴിത്തിരിവാണെന്നും ലഡാക്കിന്റെ ആവശ്യങ്ങൾ ഏകോപിപ്പിച്ച് സമർപ്പിക്കാൻ കേന്ദ്രം നിർദേശിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.