പ്രായമായ പിതാവ് ​വേറെ താമസിച്ചാലും സംരക്ഷിക്കേണ്ടത് മകൻ; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല -ബോംബെ ഹൈകോടതി

മുംബൈ: വൃദ്ധനും രോഗിയുമായ പിതാവിനെ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മകന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ബോംബെ ഹൈകോടതി. മകനോടൊപ്പം ജീവിച്ചാലേ പിതാവിന് ജീവനാംശം നൽകൂ എന്ന് വ്യവസ്ഥ വെക്കാനും കഴിയി​ല്ലെന്നും കോടതി വ്യക്തമാക്കി.

മകൻ ഹരിഭാവു ബേഡ്കെയിൽനിന്ന് ജീവനാംശം ആവശ്യപ്പെട്ട് പിതാവ് ജഗന്നാഥ് ബേഡ്കെ നൽകിയ ഹർജി പരിഗണിച്ചാണ് ജഡ്ജി വിഭ കങ്കൻവാടി വിധി പറഞ്ഞത്. പ്രതിമാസം 3000 രൂപ പിതാവിന് നൽകണമെന്ന് മകനോട് കോടതി ഉത്തരവിട്ടു.

"അച്ഛനെ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്തത്തിൽനിന്ന് മകന് ഒഴിഞ്ഞുമാറാൻ കഴിയില്ല. അമ്മ താമസിക്കുന്നത് പോലെ അച്ഛനും തന്നോടൊപ്പം വന്ന് നിൽക്കണമെന്ന് മകൻ നിബന്ധന വെച്ചതായി അറിഞ്ഞു. മകന് അങ്ങനെയൊരു വ്യവസ്ഥ വെക്കാൻ അധികാരമില്ല' -ജഡ്ജി ഉത്തരവിൽ പറഞ്ഞു.

'അമ്മയും അച്ഛനും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ട്. അമ്മ തനിക്കൊപ്പവും പിതാവ് വേർപിരിഞ്ഞുമാണ് താമസിക്കുന്നത്' -മകൻ കോടതിയിൽ പറഞ്ഞു. എന്നാൽ, അച്ഛനും അമ്മയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മകൻ പരിഗണിക്കേണ്ടതില്ലെന്ന് ജഡ്ജി വ്യക്തമാക്കി.

"നിർഭാഗ്യവശാൽ പിതാവിന് സ്വന്തം ചെലവ് കണ്ടെത്താൻ കഴിയുന്നില്ല. മറ്റാരെയെങ്കിലും ആശ്രയിക്കേണ്ടിവരുന്നു. പിതാവിന്റെ ദുഷ്പ്രവണതകൾ കാരണം അമ്മയുമായി വേറിട്ടാണ് താമസിക്കുന്നത് എന്നാണ് മകൻ പറയുന്നത്. ഈ തർക്കങ്ങളിലേക്ക് ഞങ്ങൾ കടക്കുന്നില്ല. 73 വയസ്സിനു മുകളിൽ പ്രായമുള്ള പിതാവ് 20 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണ്' -ജഡ്ജി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Son cannot avoid responsibility to maintain old father: Bombay High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.