ന്യൂഡൽഹി: സമരത്തിന് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടോ എന്നായിരുന്നു മാധ്യമപ്രവർത്തകന്‍റെ ചോദ്യം. അതെ പാകിസ്താനിൽ നിന്ന് 40 രൂപ കിട്ടി, അമേരിക്ക രാവിലെ അയച്ചുതന്ന 20 രൂപ കൊണ്ടാണ് ഓട്ടോ പിടിച്ച് സമരത്തിനെത്തിയതെന്ന് വിദ്യാർഥിയുടെ കുറിക്കുകൊള്ളുന്ന മറുപടി. ജന്തർമന്തറിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സമരത്തിനെതിരെ അപവാദ പ്രചാരണങ്ങളുമായി ശക്തമായ സോഷ്യൽമീഡിയ ക്യാംപെയ്‍നുകളാണ് നടന്നുവരുന്നത്. സമരത്തിൽ പങ്കെടുക്കുന്നവരെ ദേശ വിരുദ്ധരെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങളും സോഷ്യൽമീഡിയ അക്കൗണ്ടുകളും വ്യാപകമായി വിഡിയോകൾ പ്രചരിപ്പിക്കുന്നുണ്ട്.
ധർമേന്ദ്ര പ്രധാന്‍റെ രാജി, നീറ്റ് വിദ്യാർഥികൾക്ക് നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ട് വെച്ച് സി.ജെ.പി നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമരത്തിന് പിന്തുണയുമായി ആളുകൾ എത്തുന്നുണ്ട്. സമരം ശക്തമാകുന്നതിനിടെ ചർച്ചക്കായി ജെ.പി നഡ്ഡ സി.ജെ.പി നേതാക്കളെ തന്‍റെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ തങ്ങൾ ആരുടേയും ഓഫിസിലേക്ക് ചർച്ചക്കില്ലെന്നും ചർച്ചക്ക് താൽപ്പര്യമുള്ള മന്ത്രിമാർ പൊതുജന സമക്ഷം വരണമെന്നുമാണ് സി.ജെ.പി വക്താവ് വ്യക്തമാക്കിയത്.
നീറ്റ് പേപ്പർ ചോർച്ചയെ കുറിച്ച് പാർലമെന്‍റിൽ വിശദമായ ചർച്ചക്ക് കേന്ദ്രം തയാറാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജുജു അറിയിച്ചിട്ടുണ്ട്. ധർമേന്ദ്രപ്രധാൻ രാജിവെക്കണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നും നീറ്റ് ചോദ്യ പേപ്പർ ചോർച്ച പുറത്തുവന്ന ഉടൻ തന്നെ സർക്കാർ മുൻകൈയെടുത്ത് നടപടികൾ സ്വീകരിച്ചുവെന്നുമാണ് കേന്ദ്രസർക്കാറിന്‍റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.