തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്
‘പൊലീസ് അധികാരകേന്ദ്രമാകരുത്; ജനങ്ങളുടെ സംരക്ഷകരാകണം’; നിയമസഭയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്
ചെന്നൈ: സംസ്ഥാനത്തെ തുടർച്ചയായ കൊലപാതകങ്ങളും വഷളാകുന്ന ക്രമസമാധാനനിലയും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.എം.കെ അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയതോടെ തമിഴ്നാട് നിയമസഭയിൽ തിങ്കളാഴ്ച തുടക്കത്തിൽ തന്നെ ബഹളം. വിഷയത്തിൽ സംസാരിക്കവെ പൊലീസ് ജനങ്ങളുടെ സംരക്ഷകരായി പ്രവർത്തിക്കണമെന്നും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും മുഖ്യമന്ത്രി സി. ജോസഫ് വിജയ് പറഞ്ഞു.
പൊലീസ് വകുപ്പ് നല്ലവരോട് സൗഹൃദപരവും കുറ്റകൃത്യങ്ങൾ ചെയ്യുന്നവരോട് കർശനമായ നിലപാടുള്ളതുമായിരിക്കണം. രാഷ്ട്രീയ ബന്ധം പരിഗണിക്കാതെ കുറ്റം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊലീസ് ഒരു അധികാരകേന്ദ്രമായി മാറരുത്. ജനങ്ങളെ സംരക്ഷിക്കുന്ന സംവിധാനമായിരിക്കണം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ റിപ്പോർട്ട് ചെയ്ത കുറ്റകൃത്യങ്ങളെല്ലാം ഒരേസമയം ഉണ്ടായതല്ല. പല സംഭവങ്ങൾക്കും പിന്നിൽ പഴയ വൈരാഗ്യവും പ്രതികാരവുമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ലഹരി ഉപയോഗത്തിന് അറുതിവരുത്താൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോയമ്പത്തൂരിലെ ഒരു കോളജിൽ വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ 36 പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു. ഓരോ കുറ്റകൃത്യത്തിനും പല കാരണങ്ങളുണ്ടാകാമെന്നും ഇത്തരം സംഭവങ്ങളെ പ്രതിപക്ഷം സർക്കാറിനെതിരെ ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അഴിമതിയോട് സർക്കാറിന് ‘സീറോ ടോളറൻസ്’ നിലപാടാണെന്നും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ തടയാൻ മുൻകരുതൽ നടപടികൾ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലെ ലഹരി ഉപയോഗത്തിന് സമപ്രായക്കാരുടെ സമ്മർദവും കാരണമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 37 ജില്ലകളിലും ലഹരിവിരുദ്ധ സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. എൻ.ഡി.പി.എസ് നിയമപ്രകാരം ചെന്നൈയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 330 കേസുകൾ രജിസ്റ്റർ ചെയ്യുകയും 556 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ സംഭവിച്ചതിന് ശേഷം നടപടിയെടുക്കുന്നതിനു പകരം അവ മുൻകൂട്ടി തടയുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ‘സിങ്കപ്പെൺ സ്പെഷൽ ഫോഴ്സ്’ രൂപീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.