ലഡാക്കിൽ ജമ്മു കശ്മീർ ഹൈകോടതി ബെഞ്ച് സിറ്റിങ്ങിന് അനുമതി; ചട്ടം പ്രാബല്യത്തിൽ

ന്യൂഡൽഹി: ലഡാക്കിൽ ജമ്മു കശ്മീർ, ലഡാക്ക് ഹൈകോടതി ബെഞ്ച് സിറ്റിങ് നടത്താൻ അനുമതി നൽകുന്ന പുതിയ ചട്ടം പ്രാബല്യത്തിൽ വന്നു. ‘യൂനിയൻ ടെറിറ്ററി ഓഫ് ലഡാക്ക് (സിറ്റിങ് ഓഫ് ബെഞ്ച് ഓഫ് ദ ഹൈകോടതി ഓഫ് ജമ്മു കശ്മീർ ആൻഡ് ലഡാക്ക് ഇൻ ലഡാക്ക്) റെഗുലേഷൻ, 2026’ സെപ്റ്റംബർ അഞ്ചിനാണ് നിലവിൽ വന്നത്.

രാഷ്ട്രപതി ദ്രൗപദി മുർമു ആഗസ്റ്റ് 27ന് ചട്ടം പ്രഖ്യാപിച്ചിരുന്നു. അന്നുതന്നെ ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന ഇത് വിജ്ഞാപനം ചെയ്തു. ചട്ടത്തിന് കഴിഞ്ഞ മാസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

നിലവിൽ ഹൈകോടതിയെ സമീപിക്കേണ്ടിവരുന്ന ലഡാക്കിലെ ജനങ്ങൾക്ക് കേന്ദ്രഭരണ പ്രദേശത്തിന് പുറത്തേക്ക് യാത്ര ചെയ്യേണ്ട സാഹചര്യമാണുള്ളത്. വിദൂര മേഖലകളിൽ താമസിക്കുന്നവർക്ക് ദീർഘദൂര യാത്ര, അധിക ചെലവ്, ദുഷ്കരമായ ഭൂപ്രകൃതി, പ്രതികൂല കാലാവസ്ഥ തുടങ്ങിയവ വലിയ വെല്ലുവിളിയാണ്. ലഡാക്കിൽ ഹൈകോടതി ബെഞ്ച് സിറ്റിങ് നടത്തുന്നതോടെ ഇത്തരം ബുദ്ധിമുട്ടുകൾ കുറയ്ക്കാനാകും. ഇതുവഴി ജനങ്ങൾക്ക് നീതിന്യായ സംവിധാനത്തിലേക്കുള്ള പ്രവേശനം കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷ.

എന്നാൽ ചട്ടം പ്രാബല്യത്തിൽ വന്നതുകൊണ്ട് ബെഞ്ച് ഉടൻ പ്രവർത്തനം ആരംഭിക്കുകയില്ല. ബെഞ്ച് പ്രവർത്തനസജ്ജമാക്കുന്നതിനായി ജമ്മു കശ്മീർ, ലഡാക്ക് ഹൈകോടതിയുമായും ബന്ധപ്പെട്ട വകുപ്പുകളുമായും ഭരണകൂടം തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ജുഡീഷ്യൽ, ഭരണപരമായ സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക ക്രമീകരണങ്ങൾ, മറ്റ് ലോജിസ്റ്റിക് സൗകര്യങ്ങൾ എന്നിവ ഇതിനായി ഒരുക്കണം.

പുതിയ ചട്ടം നീതി ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്ന ചരിത്രനടപടിയാണെന്ന് വി.കെ. സക്സേന വിശേഷിപ്പിച്ചു. വിദൂര മേഖലകളിൽ താമസിക്കുന്നവർക്ക് നീതി ലഭ്യമാക്കുന്നത് ഇതുവഴി കൂടുതൽ എളുപ്പമാകുമെന്നും നീതിന്യായ സംവിധാനത്തെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ബെഞ്ച് പ്രവർത്തനം ആരംഭിക്കുന്നതോടെ കേസുകളുടെ ആവശ്യത്തിനായി ലഡാക്കിന് പുറത്തേക്ക് യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യം കുറയ്ക്കാനാകും. യാത്രാസമയവും ചെലവും കുറയ്ക്കുന്നതിനും ഇതിലൂടെ സഹായകമാകുമെന്നാണ് പ്രതീക്ഷ

Tags:    
News Summary - Ladakh High Court Bench Approved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.