'നാണംകെട്ടതും ക്രൂരവും': ഇന്ത്യക്കാർക്കെതിരെയുള്ള വംശീയ അധിക്ഷേപങ്ങളെ രൂക്ഷമായി വിമർശിച്ച് സിംഗപ്പൂർ മന്ത്രി; കേസ് എടുത്ത് പൊലീസ്
സിംഗപ്പൂർ: ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന വംശീയ അധിക്ഷേപ സന്ദേശങ്ങളിൽ സിംഗപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചതായി മുതിർന്ന മന്ത്രി കെ. ഷൺമുഖം അറിയിച്ചു. ആഗസ്റ്റ് 26ന് നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഒമ്പത് സിംഗപ്പൂർ പൗരന്മാരെ കാണാതായ സംഭവത്തെ തുടർന്നും എയർ ഇന്ത്യയുടെ ഓഹരി ഉടമകളിലൊന്നായ സിംഗപ്പൂർ എയർലൈൻസിനോട് 1.5 ബില്യൺ ഡോളർ ധനസഹായം ആവശ്യപ്പെട്ടെന്ന വാർത്തകൾക്ക് പിന്നാലെയുമാണ് ഓൺലൈനിൽ ഇത്തരം അധിക്ഷേപങ്ങൾ ഉയർന്നത്.
'സോഷ്യൽ സ്പേസ് @ ചോങ് പാങ്' എന്ന ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഷൺമുഖം അധിക്ഷേപ പരാമർശങ്ങളെ വിമർശിച്ചത്. ഇവ "നാണംകെട്ടതും ക്രൂരവും തികച്ചും അംഗീകരിക്കാൻ കഴിയാത്തതുമാണ്" എന്ന് അദ്ദേഹം പറഞ്ഞു. മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് സിംഗപ്പൂർ ഡിജിറ്റൽ ഡെവലപ്‌മെന്‍റ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഹിമപാതത്തെ തുടർന്നുണ്ടായ പ്രളയത്തിൽ നേപ്പാളിൽ 1200ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. കാണാതായ സിംഗപ്പൂർ പൗരന്മാർ "നമ്മുടെ ആളുകളല്ല" എന്ന് ചിത്രീകരിക്കുന്ന പോസ്റ്റുകളെയും, ഇന്ത്യൻ വംശജരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന 'ABNN' എന്ന മോശം വാക്ക് ഉപയോഗിച്ചതിനെയും ഷൺമുഖം എടുത്തുപറഞ്ഞു. അപകടത്തിൽപ്പെട്ട മനുഷ്യരെക്കുറിച്ച് ഇത്തരത്തിൽ സംസാരിക്കാൻ ഏത് തരത്തിലുള്ള ആളുകൾക്കാണ് കഴിയുക എന്ന് അദ്ദേഹം ചോദിച്ചു.
സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയം പ്രാദേശിക വാർത്താ ഏജൻസികളുടെ സോഷ്യൽ മീഡിയ പേജുകളിൽ വന്ന 20 വംശീയ അധിക്ഷേപ കമന്റുകളുടെ ഉദാഹരണങ്ങൾ പുറത്തുവിട്ടു. "CECA മുഖങ്ങൾ" (CECA faces) എന്ന പ്രയോഗവും ഇതിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു. 2005 ജൂണിൽ ഇന്ത്യയും സിംഗപ്പൂരും തമ്മിൽ ഒപ്പുവെച്ച 'കോംപ്രിഹെൻസീവ് ഇക്കണോമിക് കോഓപ്പറേഷൻ അഗ്രിമെന്റ്' (CECA) എന്ന സ്വതന്ത്ര വ്യാപാര കരാറിനെ സൂചിപ്പിച്ചാണ് വിദേശ തൊഴിലാളികൾക്കെതിരെയുള്ള വിമർശനങ്ങളിൽ ഈ വാക്ക് ഉപയോഗിക്കുന്നത്.
എയർ ഇന്ത്യ വിഷയം
ടെമാസെക് ചീഫ് എക്സിക്യൂട്ടീവ് ദിൽഹാൻ പിള്ള സാന്ദ്രസേഗരക്കും സ്ഥാപനത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കും എതിരെ നടക്കുന്ന ഓൺലൈൻ ആക്രമണങ്ങളെയും ഷൺമുഖം ചൂണ്ടിക്കാണിച്ചു. ദിൽഹാൻ ഇന്ത്യൻ വംശജനായതുകൊണ്ട് എയർ ഇന്ത്യയോട് പക്ഷപാതം കാണിക്കും എന്ന രീതിയിലുള്ള പ്രചാരണങ്ങൾ നിന്ദ്യവും അപകീർത്തികരവുമാണെന്ന് മന്ത്രി പറഞ്ഞു. സിംഗപ്പൂർ എയർലൈൻസിന്റെ പ്രധാന ഓഹരി ഉടമകളാണ് ടെമാസെക്.
എയർ ഇന്ത്യയിൽ സിംഗപ്പൂർ എയർലൈൻസിന് 25.1 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ബാക്കി ഓഹരികൾ ടാറ്റ സൺസിന്‍റെ കൈവശമാണ്. എയർലൈൻസിന്‍റെ പ്രവർത്തനത്തിന് രണ്ട് ഓഹരി ഉടമകളിൽ നിന്നുമായി ഏകദേശം 1.5 ബില്യൺ ഡോളറിന്‍റെ അധിക മൂലധനം ആവശ്യപ്പെട്ടിരുന്നു. 2026 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് ഏകദേശം 2.33 ബില്യൺ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇത് സിംഗപ്പൂർ എയർലൈൻസിന്റെ വരുമാനത്തെയും ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.