സുഖോയ് എസ്‌യു-30 എം.കെ.ഐ ഫൈറ്റർ ജെറ്റ്

സുഖോയ് വിമാനങ്ങൾക്ക് റഷ്യൻ മിസൈൽ ഘടിപ്പിക്കാൻ ഇന്ത്യ; 300 കി.മീ ദൂരം വരെ ലക്ഷ്യം

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ആക്രമണശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി സുഖോയ് എസ്‌യു-30 എം.കെ.ഐ യുദ്ധവിമാനങ്ങളിൽ റഷ്യൻ നിർമിത ആർ.വി.വി-ബി.ഡി എയർ-ടു-എയർ മിസൈലുകൾ ഘടിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. 300 കിലോമീറ്റർ വരെ അകലെയുള്ളവയെ നേരിടാൻ ശേഷിയുള്ള മിസൈലാണിത്. മിസൈലുകൾ ഘടിപ്പിക്കുന്നതിനായി എസ്‌യു-30 എം.കെ.ഐ വിമാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള നിർദേശം പ്രതിരോധ മന്ത്രാലയം പരിഗണിക്കുകയാണ്.

ഇതിനുള്ള അനുമതി സംബന്ധിച്ച നിർദേശം തിങ്കളാഴ്ച ചേരുന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി.എ.സി) യോഗത്തിൽ പരിഗണിച്ചേക്കുമെന്ന് അധികൃതർ പറഞ്ഞു.

റഷ്യ വികസിപ്പിച്ച ആർ.വി.വി-ബി.ഡി മിസൈലിന്റെ വിവിധ പതിപ്പുകൾ ദീർഘദൂര ആകാശലക്ഷ്യങ്ങളെ നേരിടുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ളതാണ്. എയർബോൺ ഏർലി വാണിങ് ആൻഡ് കൺട്രോൾ (എ.ഇ.ഡബ്ല്യു.&സി) വിമാനങ്ങൾ, നിരീക്ഷണ വിമാനങ്ങൾ തുടങ്ങിയ പ്രധാന ആകാശലക്ഷ്യങ്ങളെ ആക്രമിക്കാൻ ഇവക്ക് ശേഷിയുണ്ടെന്നാണ് റിപ്പോർട്ട്. ചില പതിപ്പുകൾ മാക് ആറിന്‍റേതിന് അടുത്ത വേഗത്തിൽ സഞ്ചരിക്കുമെന്നാണ് പറയുന്നത്.

വ്യോമസേനയുടെ എയർ-ടു-എയർ ആയുധശേഷി ശക്തിപ്പെടുത്തുന്നതിൽ പ്രതിരോധ മന്ത്രാലയം പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. തദ്ദേശീയമായി വികസിപ്പിക്കുന്ന മിസൈലുകൾക്കൊപ്പം വിദേശനിർമിത ആയുധങ്ങളും ഉൾപ്പെടുത്തുന്ന രീതിയിലാണ് നീക്കം. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആർ.ഡി.ഒ) അസ്ത്ര വ്യോമ-വ്യോമ മിസൈലിന്റെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ പതിപ്പുകളുടെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. 300 കിലോമീറ്ററിലധികം ദൂരപരിധിയുള്ള അസ്ത്രയുടെ പതിപ്പുകളും വികസിപ്പിക്കുകയാണ് ലക്ഷ്യം.

ഇതിനുപുറമെ, ഫ്രാൻസിൽനിന്ന് മീറ്റിയോർ എയർ-ടു-എയർ മിസൈലുകൾ സ്വന്തമാക്കുന്നതിനും ഇന്ത്യ വലിയ ഓർഡറുകൾ നൽകിയിട്ടുണ്ട്. വ്യോമസേനയുടെ പ്രധാന യുദ്ധവിമാനമായ എസ്‌യു-30 എം.കെ.ഐയുടെ 260ലേറെ വിമാനങ്ങളാണ് നിലവിൽ സർവീസിലുള്ളത്.

വിമാനങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിനായി എസ്‌യു-30 എം.കെ.ഐയുടെ നവീകരണത്തിന് രണ്ട് പ്രത്യേക പദ്ധതികളും ഇന്ത്യ നടപ്പാക്കുന്നുണ്ട്. ഇവ പൂർത്തിയാകുന്നതോടെ കൂടുതൽ ദൂരെയുള്ള ലക്ഷ്യങ്ങൾ കണ്ടെത്താനും ആക്രമിക്കാനുമുള്ള വിമാനങ്ങളുടെ ശേഷി വർധിക്കുമെന്നാണ് പ്രതീക്ഷ.

ഓപറേഷൻ സിന്ദൂറിലും എസ്‌യു-30 എം.കെ.ഐ വിമാനങ്ങൾ പ്രധാന പങ്കുവഹിച്ചിരുന്നു. ബ്രഹ്മോസ് എയർ-ലോഞ്ച്ഡ് മിസൈൽ, റാംപേജ് തുടങ്ങിയ ദീർഘദൂര വ്യോമ-ഭൂ ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ ഇത് ഉപയോഗിച്ചിരുന്നു. പാകിസ്താനിലെ വിവിധ വ്യോമതാവളങ്ങൾക്കെതിരെയായിരുന്നു ആക്രമണം.

അതേസമയം, എസ്‌യു-30 എം.കെ.ഐ വിമാനങ്ങളുടെ ഓവർഹോൾ പദ്ധതിയും ഡി.എ.സി പരിഗണിക്കുന്നുണ്ട്. ഹിന്ദുസ്ഥാൻ എറോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്.എ.എൽ) നേതൃത്വത്തിൽ വിമാനങ്ങളും അവയിൽ ഉപയോഗിക്കുന്ന എ.എൽ-31 എൻജിനുകളും ഓവർഹോൾ ചെയ്യുന്നതിനുള്ള പദ്ധതിയാണിത്. എച്ച്.എ.എല്ലിന് എ.എൽ.എച്ച് മാർക്ക്-3 ഹെലികോപ്റ്ററുകൾക്കായി വലിയ ഓർഡർ ലഭിക്കാനും സാധ്യതയുണ്ട്.

Tags:    
News Summary - India Plans Russian Missile Integration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.