ഡൽഹിയിൽ പി.ജി കെട്ടിടം തകർന്നു വീണ സംഭവത്തിൽ പ്രധാനമന്ത്രി ഉത്തരം നൽകണം; വിദ്യാർഥികൾക്കിവിടെ എന്ത് സുരക്ഷയെന്ന് അഭിജിത് ദിപ്കെ
ന്യൂഡൽഹി: ഡൽഹിയിലെ സത്യനികേതൻ പ്രദേശത്ത് അഞ്ച് നിലകളുള്ള ഹോസ്റ്റൽ കെട്ടിടം തകർന്നു വീണ് മൂന്ന് പേർ മരണപ്പെടുകയും നിരവധി പേർ കുടുങ്ങിക്കിടക്കുകയും ചെയ്ത സംഭവത്തിൽ വിദ്യാർഥികളുടെ സുരക്ഷയെയും വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ ശക്തമായ ചോദ്യങ്ങൾ ഉന്നയിച്ചു. രാജ്യ തലസ്ഥാനത്ത് പഠിക്കാനെത്തുന്ന വിദ്യാർഥികൾ പോലും കടുത്ത സുരക്ഷാ ഭീഷണിയാണ് നേരിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
തൊട്ടുമുമ്പത്തെ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി സർവ്വകലാശാല സന്ദർശിച്ച് രാഷ്ട്രീയ പ്രസംഗം നടത്തിയത്. എന്നാൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഹോസ്റ്റലുകളുടെയും ദയനീയ അവസ്ഥയെക്കുറിച്ച് അദ്ദേഹം ഒരക്ഷരം പോലും മിണ്ടിയില്ലെന്ന് അഭിജിത് ദിപ്കെ കുറ്റപ്പെടുത്തി. ദക്ഷിണ കാമ്പസിന് സമീപമുള്ള 'ഹോസ്റ്റൽ ഡെയ്സ്' എന്ന ഹോസ്റ്റൽ കെട്ടിടമാണ് അപ്രതീക്ഷിതമായി തകർന്നു വീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളുടെ കൃത്യമായ എണ്ണം ഇനിയും വ്യക്തമല്ലെങ്കിലും രക്ഷാപ്രവർത്തനം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.
കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ അറ്റകുറ്റപ്പണികൾ നടന്നു വരികയായിരുന്നുവെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. ദിവസങ്ങളായി പെയ്ത മഴയെ തുടർന്ന് അടിത്തറയിൽ വെള്ളം കെട്ടിക്കിടന്നത് കെട്ടിടത്തിന്റെ ബലം കുറയാൻ കാരണമായിരിക്കാമെന്നും നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കേരളം, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തി മോത്തിലാൽ നെഹ്റു കോളേജ്, ആത്മറാം സനാതൻ ധർമ്മ കോളേജ്, ശ്രീ വെങ്കിടേശ്വര കോളേജ് എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഈ പ്രദേശത്ത് കൂടുതലായും താമസിക്കുന്നത്.
രാജ്യത്തെ ഗോത്രമേഖലകളിൽ ആവശ്യത്തിന് പരിചരണവും പിന്തുണയും ലഭിക്കാതെ വിദ്യാർഥികൾ ദുരിതത്തിലാകുന്നതിനൊപ്പം രാജ്യ തലസ്ഥാനത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് പോലും ജീവന് സുരക്ഷയില്ലല്ലാത്ത അവസ്ഥയാണുള്ളതെന്ന് അഭിജിത് ദിപ്കെ വ്യക്തമാക്കി. വിദ്യാർഥികൾക്ക് സുരക്ഷിതമായ ക്ലാസ് മുറികളും ഹോസ്റ്റലുകളും അടിസ്ഥാനപരമായ അന്തസ്സും ഉറപ്പാക്കുക എന്നത് അത്ര വലിയ കാര്യമാണോ എന്ന് ചോദിച്ച അദ്ദേഹം ഈ ദുരന്തത്തിന് പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.