റൺവേക്ക് സമീപം ഡ്രോണുകൾ, അമൃത്സർ വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം; ഏഴ് വിമാനങ്ങൾ തിരിച്ചുവിട്ടു
ന്യൂഡൽഹി: അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റൺവേക്ക് സമീപം ഞായറാഴ്ച രാത്രി പത്തു മണിയോടെ സംശയാസ്പദമായ രീതിയിൽ ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ ജാഗ്രതാ നിർദ്ദേശം നൽകി. രാജാല ഗ്രാമത്തിന്‍റെ ഭാഗത്തുനിന്നാണ് ഡ്രോണുകൾ വിമാനത്താവളം ലക്ഷ്യമാക്കി എത്തിയത്. ഇവ കുറച്ചുസമയം റൺവേയ്ക്കും സമീപ മേഖലയിലും വട്ടമിട്ട് പറന്നതായാണ് റിപ്പോർട്ട്.
സംഭവത്തെ തുടർന്ന് ഏഴ് വിമാനങ്ങൾ തിരിച്ചുവിട്ടു. ഏഴ് വിമാനങ്ങൾ ഡൽഹിയിലേക്കും ചണ്ഡീഗഡിലേക്കുമാണ് തിരിച്ചുവിട്ടത്.
വഴിതിരിച്ചു വിട്ട വിമാനങ്ങൾ
മലേഷ്യ എയർലൈൻസ് (MH-118): ക്വാലാലംപൂർ - അമൃത്സർ (ഡൽഹിയിലേക്ക് തിരിച്ചുവിട്ടു)
ഇൻഡിഗോ (6E-5028): മുംബൈ - അമൃത്സർ (ചണ്ഡീഗഡിലേക്ക് തിരിച്ചുവിട്ടു)
ഇൻഡിഗോ (6E-2045): ഡൽഹി - അമൃത്സർ (ചണ്ഡീഗഡിലേക്ക് തിരിച്ചുവിട്ടു)
എയർ ഇന്ത്യ (AI-479): ഡൽഹി - അമൃത്സർ (ഡൽഹിയിലേക്ക് തിരിച്ചുവിട്ടു)
എയർ ഇന്ത്യ (AI-855): ഡൽഹി - അമൃത്സർ (ഡൽഹിയിലേക്ക് തന്നെ മടങ്ങി)
ഇൻഡിഗോ (6E-1428): ഷാർജ - അമൃത്സർ (ഡൽഹിയിലേക്ക് തിരിച്ചുവിട്ടു)
എയർ ഇന്ത്യ എക്സ്പ്രസ് (IX-138): ഷാർജ - അമൃത്സർ (ഡൽഹിയിലേക്ക് തിരിച്ചുവിട്ടു)
അമൃത്സർ നഗരമധ്യത്തിൽ നിന്ന് വടക്കുപടിഞ്ഞാറായി ഏകദേശം 11 കിലോമീറ്റർ അകലെ രാജാ സൻസിയിലാണ് ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. പഞ്ചാബിലെ ഏറ്റവും വലിയതും തിരക്കേറിയതുമായ വിമാനത്താവളമാണിത്. നാലാമത്തെ സിഖ് ഗുരുവും അമൃത്സറിന്റെ സ്ഥാപകനുമായ ഗുരു രാംദാസിന്റെ പേരാണ് വിമാനത്താവളത്തിന് നൽകിയിരിക്കുന്നത്.
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞാൽ ഉത്തരേന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനത്താവളം കൂടിയാണിത്. അതിർത്തിയിൽ നിന്ന് വെറും 30 കിലോമീറ്ററിൽ താഴെ (ഏകദേശം 18.6 മൈൽ) വ്യോമദൂരത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എന്നതിനാൽ സുരക്ഷാ പ്രാധാന്യം കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.