ടോൾ ബൂത്തിൽ പണമാണോ നൽകുന്നത്? തട്ടിപ്പിന് കൂട്ടുനിൽക്കുന്നതാകാം, മുന്നറിയിപ്പുമായി ഇ.ഡി
ന്യൂഡൽഹി: ഫാസ്റ്റാഗ് പ്രവർത്തിക്കാത്തതിനെ തുടർന്ന് ദേശീയപാതയിലെ ടോൾ പ്ലാസയിൽ പണം നൽകി യാത്ര ചെയ്യുന്നവരാണോ? എങ്കിൽ നൽകുന്ന പണം ഔദ്യോഗിക അക്കൗണ്ടിലേക്ക് തന്നെ എത്തുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).
ടോൾ പിരിവിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയതായി ഇ.ഡി അറിയിച്ചു. ചില ടോൾ ഓപ്പറേറ്റർമാർ അനധികൃത മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് വ്യാജ രസീതുകൾ തയാറാക്കി പണം തട്ടുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഫാസ്റ്റാഗ് സ്കാൻ ചെയ്യാൻ കഴിയാത്ത വാഹനങ്ങളിൽനിന്നും പണം സ്വീകരിച്ച ശേഷം ‘മോബ്ഡേറ്റ, എനി’ തുടങ്ങിയ മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് വ്യാജ ടോൾ രസീതുകൾ തയാറാക്കുന്നതായി ഇ.ഡിയുടെ അന്വേഷണത്തിൽ വ്യക്തമായി. ഇത്തരത്തിൽ പിരിച്ചെടുത്ത തുക എൻ.എച്ച്.എ.ഐയുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് മാറ്റിയിരുന്നില്ല. പകരം സ്വകാര്യ അക്കൗണ്ടുകളിലേക്കും ഇടനിലക്കാരിലേക്കും പണം മാറ്റുകയാണ് ചെയ്തത്.
ഇത് ഒരു ടോൾ പ്ലാസയിൽ മാത്രം നടക്കുന്ന ക്രമക്കേടല്ലെന്നും വിവിധ സംസ്ഥാനങ്ങളിലെ നിരവധി ടോൾ പ്ലാസകളിൽ സമാനമായ രീതിയിൽ അനധികൃത സോഫ്റ്റ്‌വെയർ ഉപയോഗിച്ചിരുന്നതായും പരിശോധനയിൽ കണ്ടെത്തി. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ടോൾ ബൂത്തുകളിൽ സെപ്റ്റംബർ രണ്ടിന് ഇ.ഡി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയുടെ ഫോറൻസിക് പരിശോധനയിലാണ് അനധികൃത ആപ്പുകളുടെ വ്യാപക ഉപയോഗം കണ്ടെത്തിയത്. ഏകദേശം 100 ടോൾ പ്ലാസകളിൽ ഇത്തരം സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചതിന്റെ ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായി ഇ.ഡി വ്യക്തമാക്കി. കോടികൾ ഇത്തരത്തിൽ തട്ടിയെടുത്തതായും അവർ കൂട്ടിച്ചേർത്തു. ഫാസ്റ്റാഗ് ഉപയോഗിക്കാത്ത പഴയ വാഹനങ്ങൾ, ട്രക്കുകൾ, വാണിജ്യ വാഹനങ്ങൾ എന്നിവയാണ് കൂടുതൽ തട്ടിപ്പിന് ഇരയാക്കുക.
ഉത്തർപ്രദേശിലെ മിർസാപൂരിലെ അട്രൈല ടോൾ പ്ലാസയിൽ വൻതോതിൽ അനധികൃത ടോൾ പിരിവ് നടക്കുന്നുവെന്ന പരാതി ഇ.ഡിക്ക് ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. 2025 ജനുവരിയിൽ ഉത്തർപ്രദേശ് പൊലീസ് നടത്തിയ അന്വേഷണത്തിലും സമാനമായ ക്രമക്കേട് പുറത്തുവന്നിരുന്നു. പരിശോധനകളുടെ ഭാഗമായി ഏകദേശം 1.03 കോടി രൂപ ഇതുവരെ പിടിച്ചെടുത്തതായി ഇ.ഡി അറിയിച്ചു. ടോൾ പിരിവുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകളും മറ്റ് രേഖകളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ, ഫാസ്റ്റാഗ് സ്കാൻ ചെയ്യാത്ത സാഹചര്യത്തിൽ യാത്രക്കാർ ടോൾ രസീത് വാങ്ങി പരിശോധിക്കണമെന്ന് ഇ.ഡി അറിയിച്ചു. ടോൾ തുക, പ്ലാസയുടെ വിവരങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.