ബംഗളൂരു: ബംഗളൂരു ജാലഹള്ളി വ്യോമസേന ടെക്നിക്കൽ കോളജ് (എ.എഫ്.ടി.സി) ട്രെയിനിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറു വ്യോമസേന ഉദ്യോഗസ്ഥരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുത്തു.
എയർ കോമഡോർ, ഗ്രൂപ് ക്യാപ്റ്റൻ, വിങ് കമാൻഡർ ഉൾപ്പെടെയുള്ളവരുടെ പേരിലാണ് ഗംഗമ്മനഗുഡി പൊലീസ് കേസെടുത്തത്. ബുധനാഴ്ചയാണ് കോളജ് ട്രെയിനിയായ ഡൽഹി സ്വദേശി അങ്കിതിനെ (27) ഹോസ്റ്റലിലെ ഒഴിഞ്ഞ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയിലാണ് കേസ്.
ആത്മഹത്യക്കുറിപ്പിൽ ഈ ഉദ്യോഗസ്ഥർക്കെതിരെ പരാമർശമുണ്ട്. നേരത്തേ അങ്കിതിനെ എ.എഫ്.ടി.സിയിൽനിന്ന് പുറത്താക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് മരണം. പുറത്താക്കപ്പെട്ടതിനെ തുടർന്ന് ഇയാൾ കടുത്ത മാനസികസമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. പൊലീസ് കണ്ടെടുത്ത കുറിപ്പിൽ ചില ഓഫിസർമാർ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ചില രേഖകളിൽ ഒപ്പിടുവിച്ചുവെന്നും പറയുന്നുണ്ട്.
കൊച്ചിയിലായിരുന്ന അങ്കിതിന്റെ സഹോദരൻ അമൻ ബംഗളൂരുവിൽ എത്തുന്നതിനു മുമ്പുതന്നെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റിയിരുന്നുവെന്നും തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവൂവെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.