ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) എവിടെയൊക്കെ നടക്കുന്നുവോ അവിടെയെല്ലാം വോട്ടു മോഷണവും ഉണ്ടാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഗുജറാത്തിൽ എസ്.ഐ.ആറിന്റെ കരട് പുറത്തിറക്കി എതിർപ്പുകൾ ഉന്നയിക്കാനുള്ള അവസാന ദിവസത്തിൽ ഫോം സെവൻ ഉപയോഗിച്ച് വ്യാപകമായി വോട്ടു തള്ളാൻ അപേക്ഷ നൽകിയത് ചൂണ്ടിക്കാട്ടി ഗുജറാത്ത് കോൺഗ്രസ് പുറത്തുവിട്ട കണക്കുകൾ എക്സിൽ പങ്കുവെച്ചായിരുന്നു രാഹുലിന്റെ വിമർശനം. ഗുജറാത്തിൽ എസ്.ഐ.ആറിന്റെ പേരിൽ നടക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ഭരണപരമായ പ്രക്രിയയല്ല, നന്നായി ആസൂത്രണം ചെയ്തതും സംഘടിതവും തന്ത്രപരവുമായ വോട്ട് മോഷണമാണെന്ന് രാഹുൽ പറഞ്ഞു. ഏറ്റവും ഞെട്ടിക്കുന്നതും അപകടകരവുമായ കാര്യം ഒരേ പേരിൽ ആയിരക്കണക്കിന് എതിർപ്പുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു എന്നതാണ്. പ്രത്യേക വിഭാഗങ്ങളുടെയും കോൺഗ്രസ് അനുകൂല ബൂത്തുകളിലേയും വോട്ടുകൾ വെട്ടിമാറ്റി.
ബി.ജെ.പി തോൽവി പ്രതീക്ഷിക്കുന്നയിടത്ത് വോട്ടർ സിസ്റ്റത്തിൽനിന്ന് അപ്രത്യക്ഷമാക്കുന്നു. ഇതേ പാറ്റേൺ കർണാടകയിൽ നാം കണ്ടാണ്. ഇപ്പോൾ അതേ ബ്ലൂപ്രിന്റ് ഗുജറാത്തിലും രാജസ്ഥാനിലും എസ്.ഐ.ആർ അടിച്ചേൽപിച്ച എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുന്നു. ‘ഒരാൾ, ഒരു വോട്ട്’ എന്ന ഭരണഘടനാപരമായ അവകാശം ഇല്ലാതാക്കുന്ന ആയുധമായി എസ്.ഐ.ആർ മാറ്റപ്പെട്ടിരിക്കുന്നു -അധികാരത്തിൽ ആര് തുടരണമെന്ന് ജനങ്ങളല്ല, ബി.ജെ.പിയാണ് തീരുമാനിക്കുന്നത്. കമീഷൻ വോട്ട് മോഷണ ഗൂഢാലോചനയുടെ പ്രധാന പങ്കാളിയായി മാറിയിരിക്കുന്നുവെന്നും രാഹുൽ എക്സിൽ കുറിച്ചു.
ബി.ജെ.പിയുടെ വോട്ട് മോഷണം അടുത്ത ഘട്ടത്തിലേക്ക് കടന്നുവെന്ന് വ്യക്തമാക്കിയാണ് ഗുജറാത്ത് കോൺഗ്രസ് കണക്ക് പുറത്തുവിട്ടത്. എസ്.ഐ.ആർ കരട് ലിസ്റ്റ് പുറത്തിറക്കി ജനുവരി 18 അവസാന തീയതിയായി പ്രഖ്യാപിച്ചു കമീഷൻ എതിർപ്പുകൾ സ്വീകരിക്കാൻ തുടങ്ങിയപ്പോൾ 15ാം തീയതി വരെ വളരെ കുറച്ച് എതിർപ്പുകൾ മാത്രമാണ് വന്നതെന്ന കോൺഗ്രസ് പറയുന്നു. യഥാർഥ കളി അതിനുശേഷം ആരംഭിച്ചു. ഗൂഢാലോചനയുടെ ഭാഗമായി അവസാന രണ്ട് ദിവസങ്ങളിൽ വ്യാപകമായി ഫോം സെവൻ സമർപ്പിക്കപ്പെട്ടു. നിയമങ്ങളെ അവഗണിച്ചുകൊണ്ട് ഒരേ വ്യക്തിയുടെ പേരിൽ ഡസൻ കണക്കിന് ഫോം സെവൻ നൽകുന്നു. അതിൽ പേര് മറ്റൊരാളുടേത്, ഒപ്പ് മറ്റൊരാളുടേതെന്നും എക്സിൽ പങ്കുവെച്ച ഗുജറാത്ത് കോൺഗ്രസ് അക്കൗണ്ടിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.