ഡൽഹി ഹോട്ടൽ ദുരന്തം: തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട്, ഫോറൻസിക് പരിശോധന

ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ ഹോട്ടൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് അന്വേഷണ സംഘം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് നേരത്തേ അഭ്യൂഹങ്ങൾ പരന്നിരുന്നു. തീപിടിത്തത്തിന്റെ രീതിയും തീവ്രതയും കണക്കാക്കുമ്പോൾ കെട്ടിടത്തിന്റെ വയറിങ് സംവിധാനത്തിലെ തകരാറാകാം കാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഫോറൻസിക് സംഘം കെട്ടിടം പരിശോധിക്കുകയും സ്ഥലത്തുനിന്ന് സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.

തീപിടിത്തത്തിൽ 21 പേരാണ് മരിച്ചത്. മരിച്ചവരിൽ ഒമ്പത് ഇന്ത്യക്കാരും 12 വിദേശ പൗരന്മാരും ഉൾപ്പെടും. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നൈജീരിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, സോമാലിയ, ലൈബീരിയ, മൊസാംബിക് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ച വിദേശികൾ. സമീപത്തെ ആശുപത്രികളിൽ ചികിത്സയിലായിരുന്ന ബന്ധുക്കളെ പരിചരിക്കാനെത്തിയവരായിരുന്നു മരിച്ചവരിൽ അധികവും.

ബുധനാഴ്ച രാവിലെ 8.30 ഓടെയാണ് തീപിടിത്തമുണ്ടായത്. നിമിഷങ്ങൾക്കകം കെട്ടിടത്തിലാകെ അതിവേഗം തീ പടരുകയായിരുന്നു. 22 മുറികളുള്ള കെട്ടിടത്തിൽ ഒരു പ്രവേശന കവാടം മാത്രമാണ് ഉണ്ടായിരുന്നത്. ജനലുകൾ അടച്ചിരുന്നതും പ്രധാന വാതിൽ സെൻസർ നിയന്ത്രിതമായിരുന്നതും കെട്ടിടത്തിന്റെ ഇലക്ട്രോണിക് ലോക്കുകൾ തകരാറിലായതും രക്ഷാപ്രവർത്തനം സങ്കീർണമാക്കി.

താഴത്തെ നിലയിൽ റസ്റ്ററന്റും ബേസ്‌മെന്റിലും മുകളിലെ നിലകളിലും ഹോട്ടൽ മുറികളുമായിരുന്നു പ്രവർത്തിച്ചിരുന്നത്. ബേസ്‌മെന്റിലും മുകൾ നിലയിലും പ്രത്യേകം അടുക്കളകൾ പ്രവർത്തിച്ചിരുന്നുവെന്നും അവിടെ നിരവധി എൽ.പി.ജി സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

പല മുറികളിൽ നിന്നും ഇലക്ട്രിക് സ്റ്റൗകളും മറ്റ് പാചക ഉപകരണങ്ങളും ഉണ്ടായിരുന്നു. ദീർഘകാലമായി ഹോട്ടലിൽ താമസിച്ചിരുന്ന ചില അതിഥികൾ മുറികളിൽ തന്നെ ഭക്ഷണം പാകം ചെയ്തിരുന്നതായും അധികൃതർ പറഞ്ഞു.

ഹോട്ടലിന് അഗ്നിസുരക്ഷാ വിഭാഗത്തിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഡൽഹി സർക്കാരിന്റെ ബെഡ് ആൻഡ് ബ്രേക്ക്‌ഫാസ്റ്റ് നയപ്രകാരം ആറു മുറികൾക്ക് മാത്രമാണ് അനുമതി ലഭിച്ചിരുന്നത്. എന്നാൽ 20ലധികം മുറികൾ പ്രവർത്തിപ്പിച്ചിരുന്നതായും ബേസ്‌മെന്റിലും മുറികൾ സജ്ജമാക്കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന് നഗരത്തിലെ ഹോട്ടലുകൾ, ലോഡ്ജുകൾ, നഴ്‌സിങ് ഹോമുകൾ, കോച്ചിങ് സെന്ററുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ അടച്ചുപൂട്ടൽ, സീൽ ചെയ്യൽ, നിയമനടപടികൾ എന്നിവ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Short circuit caused Delhi hotel fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.