പ്രതീകാത്മക ചിത്രം

ആശുപത്രി വാർഡിൽ ഫാൻ ദേഹത്ത് വീണ് രോഗിക്ക് ദാരുണാന്ത്യം; അന്വേഷണം

ന്യൂഡൽഹി: ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ (ജി.ടി.ബി) ആശുപത്രിയിൽ വാർഡിലെ സീലിങ് ഫാൻ ദേഹത്ത് വീണതിനെ തുടർന്ന് രോഗി മരിച്ചതായി കുടുംബം. സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടു.

ശനിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ 42കാരൻ മുഹമ്മദ് അക്ബറാണ് മരിച്ചത്. ശനിയാഴ്ച രാത്രി എമർജൻസി വാർഡിൽ ചികിത്സയിലിരിക്കെയാണ് സീലിങ് ഫാൻ ദേഹത്ത് വീണതെന്ന് ബന്ധുക്കൾ പറയുന്നു. പെട്ടന്ന് സീലിങ് ഫാൻ പൊട്ടി കിടക്കയിലേക്ക് വീഴുകയും ​അക്ബറിന്റെ വയറ്റിൽ ഇടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അക്ബറിന് ചികിത്സ നൽകിയെങ്കിലും 12.16ഓടെ മരിക്കുകയായിരുന്നു.

ആശുപത്രിയിലെ സുരക്ഷാ വീഴ്ചയാണ് മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഫാൻ വീണ് പരിക്കേറ്റ രോഗിയെ ഡോക്ടർ സമീപിച്ചത് വളരെ വൈകിയാണെന്നും കുടുംബം ആരോപിച്ചു. സംഭവത്തിന് പിന്നാലെ ആശുപത്രി അധികൃതർ ഫാൻ നന്നാക്കിയതായും ഒരു നഴ്സിന് പരിക്കേറ്റതായും ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ, നഴ്സിന് പരിക്കേറ്റുവെന്ന വിവരം ബന്ധുക്കളും ദൃക്സാക്ഷികളും നിഷേധിച്ചു.

അതേസമയം, ഫാൻ വീണതിന് പിന്നാലെ രോഗിയുടെ ആരോഗ്യനില മോശമായെങ്കിലും മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജൂലൈ 18ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അക്ബറിന് ഉയർന്ന രക്തസമ്മർദ്ദം, മെനിംഗോഎൻസെഫലൈറ്റിസ്, ആസ്പിരേഷൻ ന്യുമോണിയ തുടങ്ങിയ ഗുരുതരമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആശുപത്രിക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.

ആശുപത്രി അധികൃതർ അശ്രദ്ധ കാണിച്ചതായി ദൃക്സാക്ഷികൾ ആരോപിച്ചു. വാർഡിലുള്ള ഫാനുകളും എയർ കണ്ടീഷണറുകളും ശരിയായി പ്രവർത്തിക്കുന്നില്ല. ഇവിടെ രോഗികളുടെ ജീവന് ഒരു വിലയുമില്ല. സർക്കാർ ആശുപത്രിയിലെ സൗകര്യങ്ങളുടെ അവസ്ഥയെക്കുറിച്ചും രോഗികളുടെ ബന്ധുക്കൾ ആശങ്ക രേഖപ്പടുത്തി.

Tags:    
News Summary - Patient killed after ceiling fan falls on him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.