ന്യൂഡൽഹി: കോക്രോച് ജനതാ പാർട്ടി ആഹ്വാനം ചെയ്ത ‘ചലോ സൻസദ്’ പാർലമെന്റ് മാർച്ചിനുനേരെ പൊലീസ് ലാത്തിച്ചാർജ്. വിദ്യാർഥികൾ പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ലാത്തിവീശി അവരെ ഓടിക്കാൻ ശ്രമിച്ചത്. ഇതോടെ പൊലീസും വിദ്യാർഥികളും തമ്മിൽ സംഘർഷമായി. മാർച്ചിനോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർഥികളാണ് ഡൽഹിയിലെത്തിയത്. പൊലീസ് നടപടിക്കിടയിലും പിന്തിരിയാതെ ജന്തർ മന്തറിൽ തുടരുകയാണ് വിദ്യാർഥികൾ. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും വിദ്യാർഥികളും യുവാക്കളും ഡൽഹിയിൽ എത്തിയിട്ടുണ്ട്. പൊലീസ് ബാരിക്കേഡ് മറികടന്ന് പല വഴികളിലൂടെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്നവർ ജന്തർ മന്തറിലേക്കെത്തുന്നത്.
പാർലമെന്റ് മാർച്ചിനോടനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ന്യൂഡൽഹിയിൽ 5,000-ത്തിലധികം പൊലീസുകാരെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര സായുധ പൊലീസ് സേനയുടെ 25-ലധികം ബറ്റാലിയനുകൾ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യേക പൊലീസ് കമീഷണർമാർ, ജോയിന്റ് കമീഷണർമാർ, ഡെപ്യൂട്ടി പൊലീസ് കമീഷണർമാർ എന്നിവർക്കാണ് സുരക്ഷാചുമതല.
ജന്തർ മന്തർ, പാർലമെന്റ് പരിസരം, വിജയ് ചൗക്ക്, ഇന്ത്യാ ഗേറ്റ് എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. വാഹനപരിശോധനയും നിരീക്ഷണവും കർശനമാക്കുന്നതിനൊപ്പം ഡ്രോൺ നിരീക്ഷണവും സി.സി.ടി.വി സംവിധാനങ്ങളും ഉപയോഗിച്ചാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ഉൾപ്പെടെയുള്ളവ ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധം തുടരുന്നത്. പാർലമെന്റിൽ വർഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസമാണ് സി.ജെ.പി പാർലമെന്റ് മാർച്ച് നടത്തുന്നത്. എന്നാൽ, മാർച്ചിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. സി.ജെ.പിയുടെ സമരത്തിൽ പങ്കാളിയായി നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിനെ കഴിഞ്ഞദിവസം പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലും വാങ്ചുക് സമരം തുടരുകയാണ്.
ചലോ സൻസദ് മാർച്ചിന് പൊലീസ് അനുമതി നൽകിയിട്ടില്ലെന്നും അനുമതിയില്ലാതെ പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.