രോഹിത് റെഡ്ഡി
ഹൈദരാബാദ്: ഹൈദരാബാദിന് സമീപം മൊയ്നബാദിലുള്ള മുൻ ബി.ആർ.എസ് എം.എൽ.എ രോഹിത് റെഡ്ഡിയുടെ ഫാം ഹൗസിൽ പൊലീസ് നടത്തിയ റെയ്ഡിൽ ലഹരിമരുന്ന് പിടികൂടി. ശനിയാഴ്ച രാത്രി നടന്ന റെയ്ഡിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ പൊലീസിന് നേരെ വെടിയുതിർത്തത് പരിഭ്രാന്തി പരത്തി. സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കളടക്കം പത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫാം ഹൗസിൽ ലഹരിമരുന്ന് ഉപയോഗിച്ച് പാർട്ടി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് തെലങ്കാന പൊലീസിന്റെ പ്രത്യേക വിഭാഗമായ 'ഈഗിൾ' (EAGLE) ടീമും മൊയ്നബാദ് പൊലീസും ചേർന്ന് ശനിയാഴ്ച രാത്രി 9.30-ഓടെയാണ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ ഏകദേശം രണ്ട് ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
പൊലീസ് സംഘം ഫാം ഹൗസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് കാരണമായി. ഇതിനിടെ, പാർട്ടിയിൽ പങ്കെടുത്ത ഡൽഹിയിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് വ്യാപാരി നമിത് ശർമ കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിർത്തു. രോഹിത് റെഡ്ഡിയുടെ സഹോദരൻ ഹൃദേഷ് റെഡ്ഡിയുടെ പേരിൽ ലൈസൻസുള്ള തോക്കാണ് ശർമ ഉപയോഗിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
മുൻ എം.എൽ.എ രോഹിത് റെഡ്ഢി, ഏലൂരു എം.പി പുട്ട മഹേഷ്, നമിത ശർമ, ജയ്‌പൂർ മുൻ എം.എൽ.എ, ഒരു അഡ്വക്കേറ്റ്, ആറ് റിയൽ എസ്റ്റേറ്റ് ബിസിനസ് അംഗങ്ങൾ തുടങ്ങിയ മുഴുവൻ പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് വിധേയമാക്കിയതായി ഡി.സി.പി യോഗേഷ് ഗൗതം പറഞ്ഞു. പ്രാഥമിക പരിശോധനയിൽ രോഹിത് റെഡ്ഡി ഉൾപ്പെടെയുള്ളവർ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. തുടർപരിശോധനക്കായി ഇവരുടെ സാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയച്ചു. എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഈ ഫാം ഹൗസ് നേരത്തെയും വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. മുൻപ് ബി.ആർ.എസ് എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ടും ഇതേ ഫാം ഹൗസ് ചർച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.