നിലേഷ് റാണ എം.എൽ.എ
മുംബൈ: വോട്ടർമാർക്ക് നൽകാൻ പണം ബാഗിൽ കരുതിയ ബി.ജെ.പി പ്രവർത്തകന്റെ വീട്ടിൽ കടന്ന് ശിവസേന എം.എൽ.എ; പരാതിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ കയറിയതിന് എം.എൽ.എക്കെതിരെ പൊലീസ് കേസെടുത്തു.
ശിവസേന എം.എൽ.എ നിലേഷ്റാണ ആണ് മഹാരാഷ്ട്രയിൽ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് നൽകാനായി പണം വീട്ടിൽ സൂക്ഷിച്ച പ്രാദേശിക ബി.ജെ.പി നേതാവിന്റെ വീട്ടിൽ കയറിയത്. എന്നാൽ തന്റെ വീട്ടിൽ കണ്ടത് തെരഞ്ഞെടുപ്പിനുള്ള പണമല്ല, മറിച്ച് ബിസിനസിനുള്ള പണമാണെന്നും തന്റെ വീട്ടിൽ എം.എൽ.എ അനധികൃതമായി കടന്നുകയറിയതാണെന്നും കാട്ടി ബി.ജെ.പി നേതാവ് വിജയ് കെനാവദേക്കർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തന്റെ സ്റ്റിങ് ഓപ്പറേഷന്റെ ഭാഗമായിട്ടാണ് വീട്ടിൽ കടന്നതെന്നാണ് എം.എൽ.എ പറയുന്നത്. സിന്ധുദുർഗ് ജില്ലയിൽ മൽവൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിൽ ബി.ജെ.പി ജനങ്ങൾക്ക് പണം നൽകി വോട്ട് സ്വാധീനിക്കുന്നു എന്നുകാട്ടി എം.എൽ.എ നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. താൻ സ്റ്റിങ് ഓപ്പറേഷൻ നടത്തി കണ്ടെത്തിയതാണെന്നു കാട്ടി ഇദ്ദേഹം ഇതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു.
ബി.ജെ.പി പ്രസിഡന്റ് രവീന്ദ്ര ചവാൻ ഇവിടം സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് ബാഗിൽ പണം കണ്ടതെന്ന് റാണ ആരോപിച്ചു. അതേസമയം റാണയും പൊലീസ് സ്റ്റേഷനെ സമീപിച്ചിട്ടുണ്ട്.
എന്നാൽ ബി.ജെ.പി പ്രസിഡന്റ് രവീന്ദ്ര ചവാൻ ഈ ആരോപണം നിഷേധിച്ചു. തങ്ങൾ മൾവനിൽ ശിവസേനയുമായി സഖ്യത്തിന് തയ്യാറാകാതിരുന്നതിലുള്ള ചൊരുക്കുകൊണ്ടാണ് സേന ഇങ്ങനെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.