ഏക്നാഥ് ഷിൻഡെ
മുംബൈ: മഹാരാഷ്ട്ര നഗരസഭ തെരഞ്ഞെടുപ്പിന് ശേഷം കൗൺസിലർമാരെ മുഴുവൻ ബാന്ദ്രയിലെ ഹോട്ടലിലേക്ക് മാറ്റി ഏക്നാഥ് ഷിൻഡെ. മൂന്നുപതിറ്റാണ്ടായി തുടരുന്ന അവിഭക്ത ശിവസേനയുടെ ആധിപത്യം തകർത്ത് ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷനിൽ(ബി.എം.സി)ഭരണം പിടിച്ചിരുന്നു. എന്നാൽ ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം നേടാൻ സാധിച്ചിട്ടില്ല. 227 വാർഡുകളുള്ള ബി.എം.സിയിൽ 117 സീറ്റുകളാണ് ബി.ജെ.പി-ശിവസേന(ഷിൻഡെ) സഖ്യം നേടിയത്. ബി.ജെ.പിക്ക് 88ഉം ഷിൻഡേയുടെ ശിവസേനക്ക് 29ഉം സീറ്റുകളാണ് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 114 സീറ്റുകൾ മതിയെങ്കിലും ഷിൻഡെ വിഭാഗത്തിന്റെ പിന്തുണയില്ലാതെ ബി.ജെ.പിക്ക് ഭരിക്കാൻ സാധിക്കില്ല. ഇതുമുതലെടുത്താണ് ഷിൻഡെ കൗൺസിലർമാരെ മുഴുവൻ ഹോട്ടലിലേക്ക് മാറ്റിയത്. മേയർ സ്ഥാനത്തേക്ക് ഷിൻഡെ വിഭാഗത്തിൽ നിന്നുള്ളയാളെ പരിഗണിക്കണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.
അതേസമയം, ബി.എം.സിയിൽ ഏതുവിധേനയും അധികാരം നിലനിർത്താനുള്ള ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ നീക്കം തടയാനാണ് ഷിൻഡെ കൗൺസിലർമാരെ ഹോട്ടലിലേക്ക് മാറ്റിയതെന്നും റിപ്പോർട്ടുണ്ട്. അതിനിടെ, അധികാരം ദുർവിനിയോഗം ചെയ്ത് വഞ്ചനയിലൂടെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചു. ശിവസേനയെ അവസാനിപ്പിച്ചുവെന്നാണ് ബി.ജെ.പി കരുതുന്നത്. എന്നാൽ താഴെതട്ടിലുള്ളവരിലേക്ക് വേരൂന്നിയ ശിവസേനയെ നശിപ്പിക്കാൻ അവർക്ക് സാധിക്കില്ല. വഞ്ചനയിലൂടെ വിജയിച്ചവർ മുംബൈയെ പണയം വെച്ചിരിക്കുകയാണ്. മറാത്തി ജനത ഒരിക്കലും ഈ പാപം പൊറുക്കില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.