ന്യൂഡൽഹി: 2025ൽ രാജസ്ഥാനിൽ ബിവാൽ കുടുംബത്തിലെ അഞ്ച് പേർ നീറ്റ് യു.ജി പരീക്ഷയിൽ വിജയിച്ച് സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയത് സമൂഹമാധ്യമങ്ങളിൽ വലിയ ആഘോഷമായിരുന്നു. നിരവധി പേർ കുടുംബത്തിന് അഭിനന്ദന പ്രവാഹവുമായി എത്തി. പരിശീലന കേന്ദ്രം അവരുടെ നേട്ടമായി വിജയം പ്രചരിപ്പിച്ചു. തന്‍റെ കുടുംബാംഗങ്ങളുടെ വിജയത്തിൽ അഭിമാനം കൊണ്ട് ദിനേശ് ബിവാൽ ഫേസ്ബുക്കിൽ കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ 2026 അതേ സമയത്ത് നീറ്റ് യു.ജി ചോദ്യ പേപ്പർ ചോർച്ചാ കേസിൽ ദിനേശിനെയും സഹോദരനെയും മരുമകൻ വികാസിനെയും അറസ്റ്റ് ചെയ്തത് അന്ന് വിജയത്തെ പ്രശംസിച്ചവരെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
അന്ന് സർക്കാർ മെഡിക്കൽ കോളജിൽ അഡ്മിഷൻ നേടിയ അഞ്ച് പേരും പത്ത് പന്ത്രണ്ട് ക്ലാസുകളിൽ ശരാശരി മാർക്ക് മാത്രം നേടിയാണ് വിജയിച്ചത് എന്നതാണ് ശ്രദ്ധേയം. നിലവിൽ അഞ്ച് പേരുടെയും മെഡിക്കൽ പ്രവേശനത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
അറസ്റ്റിലായ മാംഗിലാലിന്‍റെ മകൻ സവായ് മെഡിക്കൽ കോളജിലാണ് അഡ്മിഷൻ നേടിയത്. 2024ലെ നീറ്റ് പരീക്ഷയിൽ 720 മാർക്കിൽ 270 മാത്രം നേടിയ ഇയാൾ 2025 നീറ്റിൽ 85.11 മാർക്ക് നേടി. മാംഗിലാലിന്‍റെ മകൾ പ്രഗതി 2024ൽ 332 മാർക്ക് മാത്രമാണ് നേടിയത്. പരിശീലന കാലയളവിൽ ശരാശരി 302 മാർക്ക് മാത്രം ലഭിച്ചിരുന്ന ഇവരുടെ 2025ലെ ഫലം 89.08 ആയിരുന്നു.
ദിനേഷിന്റെ മകൾ ഗുഞ്ജൻ പത്താം ക്ലാസിൽ 86 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 70 ശതമാനവും മാർക്കാണ് നേടിയിരുന്നത്. 2024 ലെ നീറ്റ് പരീക്ഷയിൽ 355 മാർക്കാണ് ലഭിച്ചത്. കോച്ചിങ് ടെസ്റ്റുകളിലെ ഗുഞ്ജന്‍റെ ശരാശരി മാർക്ക് 320 നും 342 നും ഇടയിലായിരുന്നു. എന്നാൽ 2025 ലെ നീറ്റ് പരീക്ഷയിലൂടെ വാരണാസിയിലെ ഗവൺമെന്റ് മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചു.
ബിവാൽ സഹോദരന്മാരിൽ മൂന്നാമനായ ഘൻശ്യാമിന്റെ മകൾ സാനിയക്ക് മുംബൈയിലെ ഒരു മെഡിക്കൽ കോളജിലാണ് പ്രവേശനം ലഭിച്ചത്. പത്താം ക്ലാസിൽ 63 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 89 ശതമാനവും മാർക്കാണ് സാനിയ നേടിയിരുന്നത്. 2024 ലെ നീറ്റ് പരീക്ഷയിൽ സാനിയക്ക് 360 മാർക്ക് ലഭിച്ചിരുന്നു. സിക്കാറിലെ കോച്ചിംഗ് ടെസ്റ്റുകളിൽ സാനിയയുടെ ശരാശരി മാർക്ക് 341 നും 361 നും ഇടയിലായിരുന്നു. 2025 ലെ നീറ്റിൽ 94.07 പെർസെന്റൈൽ നേടി.
ഘൻശ്യാമിന്റെ മറ്റൊരു മകളായ പലക് പത്താം ക്ലാസിൽ 93 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 89 ശതമാനവും മാർക്കാണ് നേടിയത്. 2024 ലെ നീറ്റ് പരീക്ഷയിൽ 512 മാർക്ക് നേടിയ പലകിന്‍റെ കോച്ചിങ് ടെസ്റ്റുകളിലെ ശരാശരി 515 നും 550 നും ഇടയിലായിരുന്നു. 2025 ലെ നീറ്റിൽ 98.61 പെർസെന്റൈൽ നേടിയ പലകിന് ജയ്പൂരിലെ ഗവൺമെന്റ് മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചു.
മേയ് 3 ന് നടന്ന പരീക്ഷ റദ്ദാക്കാനും ജൂൺ 21 ലേക്ക് പരീക്ഷ മാറ്റിവക്കാനും കാരണമായ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെക്കുറിച്ചുള്ള സി.ബി.ഐ അന്വേഷണത്തിൽ നിർണായക വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കേസിൽ അറസ്റ്റിലായ നാസിക്കിൽ നിന്നുള്ള ശുഭം ഖൈർനാർ പുണെ സ്വദേശി യഷ് യാദവിനെ ചോദ്യപേപ്പറിന്റെ ഒരു കോപ്പി ആവശ്യപ്പെട്ട് സമീപിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. മാംഗിലാൽ തന്റെ മകൻ വികാസിന് വേണ്ടി ഖൈർനാറിനെ ബന്ധപ്പെട്ടതിനെത്തുടർന്നാണ് യാദവ് ഈ ചോദ്യപേപ്പർ ബിവാൽ കുടുംബത്തിന് കൈമാറിയതെന്നാണ് സി.ബി. ഐ കണ്ടെത്തൽ.
വ്യാഴാഴ്ച സി.ബി.ഐ സംഘം പ്രതികളായ മാംഗിലാൽ, ദിനേഷ് ബിവാൽ എന്നിവരുടെ വസതികളിൽ റെയ്ഡ് നടത്തി. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയും ഏഴ് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിടുകയും ചെയ്തു. സംഘം സമീപത്തുള്ള ഒരു ഫാം ഹൗസിലും തിരച്ചിൽ നടത്തുകയും, അവിടെ പാർക്ക് ചെയ്തിരുന്ന ആഡംബര വാഹനങ്ങൾ പരിശോധിക്കുകയും, ഈ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് കരുതുന്ന നിരവധി സുപ്രധാന രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നിലവിൽ ഒളിവിൽ പോയ ദിനേഷ് ബിവാലിന്റെ മകൻ ഋഷിക്കായുള്ള തെരച്ചിൽ സി.ബി.ഐ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.