ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ കേസിലെ പ്രതിയും ബി.ജെ.പി മുൻ എം.എൽ.എയുമായ കുൽദീപ് സിങ് സെൻഗാറിന്റെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡൽഹി ഹൈകോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ശിക്ഷ മരവിപ്പിക്കണമെന്ന സെൻഗാറിന്റെ അപേക്ഷ രണ്ടുമാസത്തിനുള്ളിൽ വീണ്ടും കേട്ട് തീരുമാനമെടുക്കാൻ സുപ്രീംകോടതി ഹൈക്കോടതിക്ക് നിർദേശം നൽകി.
ഉന്നാവ് ബലാത്സംഗ കേസിൽ സെൻഗാറിന് ജാമ്യം നൽകിയതിനെ ചോദ്യം ചെയ്ത് സി.ബി.ഐ നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.
കുല്‍ദീപ് സിങ് സെൻഗാറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷ ഡല്‍ഹി ഹൈകോടതി കഴിഞ്ഞ ഡിസംബറില്‍ മരവിപ്പിച്ചിരുന്നു. 2019ലെ വിചാരണക്കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് കുല്‍ദീപ് സിങ് നല്‍കിയ ഹരജിയില്‍ അന്തിമ തീര്‍പ്പാകുന്നതുവരെയായിരുന്നു ശിക്ഷ മരവിപ്പിച്ചത്. ഈ ഉത്തരവാണ് സുപ്രിംകോടതി റദ്ദാക്കിയത്.
പോക്‌സോ നിയമപ്രകാരം അതിക്രൂരമായ കുറ്റകൃത്യത്തില്‍ പ്രതിയായ ഒരു എം.എല്‍.എയെ പൊതുപ്രവര്‍ത്തകനായി കണക്കാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഗൗരവമേറിയ പുനപരിശോധന വേണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. അതേസമയം, കേസിന്റെ മെറിറ്റില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നില്ലെന്നും ഹൈകോടതിക്ക് കേസുമായി മുന്നോട്ട് പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.
2017 ലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവും എം.എൽ.എയുമായിരുന്ന കുൽദീപ് സിംഗ് സെൻഗാർ പ്രതിയാകുന്നത്. 17 വയസ്സുണ്ടായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ 2019ല്‍ ഇയാള്‍ക്ക് കോടതി ജീവപര്യന്തം തടവു വിധിച്ചു. അതിജീവിതയുടെ പിതാവിന്റെ മരണത്തിലും കുല്‍ദീപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. രാഷ്ട്രീയ സ്വാധീനമുള്ള പ്രതിക്കെതിരെ സുപ്രീം കോടതിയുടെ ഇടപെടലോടെയാണ് വിചാരണ വേഗത്തിലാക്കിയതും ജീവപര്യന്തം ശിക്ഷ വിധിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.