തൊഴിലില്ലാത്ത ചെറുപ്പക്കാർ പാറ്റകളെപ്പോലെ; മാധ്യമങ്ങളും ആക്റ്റിവിസ്റ്റുകളുമായി എല്ലാവരെയും ആക്രമിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

തൊഴിലില്ലാത്ത യുവാക്കൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. തൊഴിലില്ലാത്ത യുവാക്കൾ പാറ്റകളെപ്പോലെയാണെന്നും ഇവർ മാധ്യമങ്ങളും ആക്റ്റിവിസ്റ്റുകളുമായിത്തീർന്ന് സിസ്റ്റത്തെ ആക്രമിക്കുന്നെന്നും സൂര്യകാന്ത് പറഞ്ഞു. മുതിർന്ന അഭിഭാഷക പദവി നൽകുന്നതുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഈ വിവാദ പരാമർശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച കേസ് പരിഗണിച്ചത്.

തൊഴിലോ പ്രൊഫഷനിൽ കൃത്യമായ സ്ഥാനമോ ലഭിക്കാത്ത പാറ്റകളെപ്പോലെയുള്ള ചില യുവാക്കളുണ്ട്. ഇവരിൽ ചിലർ പിന്നീട് മാധ്യമപ്രവർത്തകരും, സോഷ്യൽ മീഡിയ - ആർടിഐ പ്രവർത്തകരുമൊക്കെയായി മാറും. എന്നിട്ട് അവർ എല്ലാവരെയും ആക്രമിക്കാൻ തുടങ്ങും, ചീഫ് ജസ്റ്റിസ് പറഞ്ഞു. മുതിർന്ന അഭിഭാഷക പദവി ലഭിക്കുന്നതിനായി ഒരു അഭിഭാഷകൻ സമർപ്പിച്ച ഹർജിയിൽ അയാളുടെ പെരുമാറ്റത്തെയും സോഷ്യൽ മീഡിയ പോസ്റ്റുകളെയും കോടതി രൂക്ഷമായി വിമർശിച്ചു.

പ്രസ്തുത അഭിഭാഷകൻ പദവിക്ക് പിന്നാലെ പോകുന്ന രീതിയെ ചോദ്യം ചെയ്ത കോടതി, ഇത്തരം പ്രവണതകൾ നീതിന്യായ വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയും പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെയും വിവരാവകാശ നിയമത്തിലൂടെയും കോടതിയെയും നിയമവ്യവസ്ഥയെയും സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്ന രീതിയെയാണ് ചീഫ് ജസ്റ്റിസ് വിമർശിച്ചതെങ്കിലും, യുവാക്കളെ പാറ്റകളോട് ഉപമിച്ചത് ഇതിനോടകം തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Tags:    
News Summary - 'Unemployed youngsters like cockroaches, become media, activists, attack everyone': Chief Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.