അറസ്റ്റിലായ ശിവജി റാത്തോഡ് പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം

സ്വന്തം ചികിത്സക്ക് പണമില്ല; പുണെയിൽ പണം തട്ടാൻ ആശുപത്രിയിൽ വ്യാജ ബോംബ് വെച്ചയാൾ അറസ്റ്റിൽ

പുണെ: സ്വന്തം ചികിത്സക്ക് പണം തികയാതെ വന്നതിനെതുടർന്ന് പണം തട്ടിയെടുക്കാൻ ആശുപത്രിയിൽ വ്യാജ ബോംബ് വെച്ച യുവാവിനെ പൊലീസ് പിടികൂടി. ഷോലാപ്പൂർ സ്വദേശിയായ ശിവജി റാത്തോഡിനെയാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ശിവജി ഗുരുതര രോഗബാധിതനാണെന്നും, സ്വന്തം ചികിത്സക്കുള്ള പണം തട്ടിയെടുക്കാനാണ് ഇയാൾ ഇത് ചെയ്തതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. വ്യാജ ബോംബ് ഉണ്ടാക്കി ആശുപത്രിക്ക് സമീപം വെച്ച ശേഷം ഭീഷണിപ്പെടുത്തി ചികിത്സക്കാവശ്യമായ ഏഴ് ലക്ഷം തട്ടിയെടുക്കുകയും ആ പണം ഉപയോഗിച്ച് അതേ ആശുപത്രിയിൽ തന്നെ ചികിത്സ തേടുകയുമായിരുന്നു ഇയാളുടെ ലക്ഷ്യം.

ബോംബ് കണ്ടെത്തിയതിനെ തുടർന്ന് പ്രതിക്കായി മഹാരാഷ്ട്രയിലുടനീളം മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ആയിരത്തോളം വരുന്ന പൊലീസ് സംഘത്തെ വിന്യസിച്ച് വിപുലമായ തെരച്ചിൽ ആരംഭിച്ചിരുന്നു. തെരച്ചിൽ പ്രവർത്തനങ്ങൾക്ക് മാത്രം 4 ലക്ഷത്തിലധികം രൂപയാണ് ചെലവായത്. അതേസമയം 400 രൂപ ചെലവഴിച്ചാണ് റാത്തോഡ് വ്യാജ ബോംബ് നിർമിച്ചത്. ഇതിനായുള്ള ടൈമർ ക്ലോക്ക് ഇയാൾ ഓൺലൈൻ വഴിയാണ് ഓർഡർ ചെയ്തത്. ഒരു ഡിജിറ്റൽ ക്ലോക്ക്, നാല് പൈപ്പുകൾ, പശ ടേപ്പുകൾ, രണ്ട് വയറുകൾ എന്നിവ മാത്രമാണ് ഈ ഉപകരണത്തിൽ ഉണ്ടായിരുന്നത്. ഇതിൽ യാതൊരുവിധ സ്ഫോടകവസ്തുക്കളും ഉണ്ടായിരുന്നില്ല. ടൈമർ വന്ന കൊറിയർ പാക്കറ്റ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ബോംബ് നിർമിക്കുന്നതിനിടയിൽ റാത്തോഡിൻ്റെ കൈയിലെ പശ ടേപ്പ് തീർന്നുപോയിരുന്നു. തുടർന്ന് ഇയാൾ അടുത്തുള്ള ഒരു കടയിൽ നിന്ന് പുതിയ ടേപ്പ് വാങ്ങുകയും അതിനായി ഓൺലൈൻ വഴി പണം അടക്കുകയും ചെയ്തു. ഈ ഡിജിറ്റൽ ഇടപാട് പിന്തുടർന്നാണ് പൊലീസ് ഇയാളുടെ ലൊക്കേഷൻ കണ്ടെത്തി പിടികൂടിയത്. ബുധനാഴ്ച പുണെയിലെ ഹദപ്സറിലുള്ള കാമധേനു എസ്റ്റേറ്റ് പ്രദേശത്തെ ഒരു ആശുപത്രിക്ക് പുറത്താണ് ഏഴ് മണിക്കൂർ ടൈമർ ഘടിപ്പിച്ച വ്യാജ ബോംബ് കണ്ടെത്തിയത്. അതേസമയം, പ്രതിയുടെ വീട്ടിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് മറ്റൊരു കേസായി രജിസ്റ്റർ ചെയ്ത് അന്വേഷിച്ചുവരികയാണ്.

Tags:    
News Summary - one man arrested in pune in fake bomb case to find money for his treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.