രണ്ടുദിവസം കേസുകൾ വെർച്വലായി കേൾക്കും, ജഡ്ജിമാർ കാർപൂളിങ്ങിലേക്ക്; ഇന്ധന പ്രതിസന്ധിമൂലം പ്രവർത്തന രീതിയിൽ മാറ്റംവരുത്തി സുപ്രീം കോടതി

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധപശ്ചാത്തലത്തിൽ രാജ്യത്ത് ഊർജ പ്രതിസന്ധി രൂക്ഷമായിരിക്കെ, പ്രവർത്തന രീതിയിൽ നിർണായക മാറ്റംവരുത്തി സുപ്രീം കോടതി. തിങ്കൾ, വെള്ളി ദിവസങ്ങളിലും മറ്റ് ഭാഗിക പ്രവൃത്തിദിനങ്ങളിലെയും കേസുകൾ ഇനിമുതൽ വിഡിയോ കോൺഫറൻസിങ് വഴി മാത്രമായിരിക്കും കേൾക്കുക. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ജഡ്ജിമാർ ഒന്നിച്ച് യാത്ര ചെയ്യാൻ (കാർ പൂളിങ്) തീരുമാനിച്ചതായും സുപ്രീം കോടതി ഭരണവിഭാഗം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയ്നിങ് മന്ത്രാലയം മേയ് 12ന് പുറപ്പെടുവിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ ഈ നടപടി. രജിസ്ട്രി ജീവനക്കാരിൽ 50 ശതമാനം പേർക്ക് ആഴ്ചയിൽ രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ഉത്തരവും സർക്കുലറിലുണ്ട്.

ചീഫ് ജസ്റ്റിസിന്റെ ഓഫിസ്, സുപ്രീം കോടതി ബാർ അസോസിയേഷൻ എന്നിവർക്ക് പുതിയ മാറ്റങ്ങൾ സംബന്ധിച്ച അറിയിപ്പ് കൈമാറിയിട്ടുണ്ട്. വെർച്വൽ കോടതികൾ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രജിസ്ട്രിക്ക് പ്രത്യേക നിർദേശം നൽകി. വിഡിയോ ലിങ്കുകൾ കൃത്യസമയത്ത് നൽകുന്നതിനും സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനും സംവിധാനമൊരുക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ ഫോണിൽ ലഭ്യമാക്കണമെന്നും ആവശ്യമെങ്കിൽ ഓഫിസിൽ റിപ്പോർട്ട് ചെയ്യണമെന്നും സർക്കുലറിൽ പറയുന്നു. എന്നാൽ, ഈ ക്രമീകരണങ്ങൾ കോടതിയുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് കണ്ടാൽ രജിസ്ട്രാർമാർക്ക് തീരുമാനങ്ങളിൽ മാറ്റം വരുത്താവുന്നതാണ്.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിനും ലളിത ജീവിതത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട് ഇന്ധനം ലാഭിക്കുന്നതിന് കുറഞ്ഞ രീതിയിൽ ഉപയോഗിക്കാനും വർക്ക് ഫ്രം ഹോം അടക്കം നിരവധി നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുപ്രീം കോടതിയും മാറ്റംവരുത്തിക്കൊണ്ട് സർക്കുലർ പുറപ്പെടുവിച്ചത്.

Tags:    
News Summary - Cases will be heard virtually for two days, judges will go carpooling; Supreme Court changes working methods due to fuel crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.