ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വർധിച്ചത് വലിയ പ്രതിസന്ധിയാണ് സാധാരണക്കാരിൽ ഉണ്ടാക്കിയിരിക്കുന്നത്. ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നത് കാരണമുണ്ടാകുന്ന നഷ്ടം നികത്താനാണ് ഇന്ധന വില വർധനവിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.
ഈ വില വർധന നിത്യോപയോഗ സാധനങ്ങളുടെ വിലയെയും ചരക്കു നീക്കത്തെയും ബാധിക്കുന്നതോടെ സാധാരണക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത്. യാത്രക്കായി കാർ, ബൈക്ക് തുടങ്ങിയവ ഉപയോഗിക്കുന്നവരെയും പൊതുഗതാഗത മാർഗമായ ബസ്, ഓട്ടോ എന്നിവയെ ആശ്രയിക്കുന്നവരെയും വില വർധന ഒരുപോലെ ബാധിക്കും. യാത്ര ചെയ്യാൻ ഇനിമുതൽ കൂടുതൽ പണം മുടക്കണമെന്ന് ചുരുക്കം. ബസ് ചാർജും ഓട്ടോ ചാർജും കൂട്ടാൻ സാധ്യതയുണ്ട്.
ചരക്ക് നീക്കത്തെയും ഈ വില വർധന സ്വാധീനിക്കും. ഇത് സാധനങ്ങളുടെ വില വർധിക്കുന്നതിനു കാരണമാകും. ഭക്ഷ്യവസ്തുക്കളുടെ വിതരണം പൂർണമായും റോഡ് ഗതാഗതത്തെ ആശ്രയിച്ചായതിനാൽ ഈ വില വർധന സാധാരണക്കാരിലാണ് ഒടുവിൽ എത്തിച്ചേരുക.
ഓൺലൈൻ ഷോപ്പിങ്ങിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറായിരുന്നു കുറഞ്ഞ ഡെലിവറി ചാർജ്. ഇനിമുതൽ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഷേപ്പിങ്ങ് ആപ്പുകളും സ്വിഗി, സൊമാറ്റോ പോലുള്ള ഫുഡ് ഡെലിവറി ആപ്പുകളും ഡെലിവറി ചാർജ് വർധിപ്പിച്ചേക്കാം. ട്രാക്ടർ പ്രവർത്തിപ്പിക്കാനും ജലസേചനത്തിനും തുടങ്ങി ഡീസൽ കാർഷിക മേഖലയിൽ വലിയ പങ്കാണ് വഹിക്കുന്നത്. അതുകൊണ്ട് തന്നെ നഗരത്തേക്കാൾ ഗ്രാമീണ മേഖലയെയാണ് ഈ വിലക്കയറ്റം സാരമായി ബാധിക്കാൻ പോകുന്നത്. ചുരുക്കത്തിൽ സാധാരണക്കാരന്‍റെ ദൈനംദിന ജീവിതത്തെയാണ് ഈ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.