ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ന്യൂയോർക്ക് എം.പി സൊഹ്റാൻ മംദാനിയുമായുള്ള കൂടിക്കാഴ്ചയെ പ്രശംസിക്കുന്ന ശശി തരൂർ എം.പിയുടെ എക്സ് പോസ്റ്റിൽ പ്രതികരണവുമായി ബി.ജെ.പി. ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിലൂടനീളം സൊഹ്റാന്റെ കടുത്ത വിമർശകനായിരുന്നു ട്രംപ്. തെരഞ്ഞെടുപ്പിൽ സൊഹ്റാൻ വിജയിച്ചാൽ ന്യൂയോർക്കിലേക്കുള്ള ഫണ്ട് തടഞ്ഞുവെക്കുമെന്നടക്കം ട്രംപ് ഭീഷണിമുഴക്കിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലംവന്നപ്പോൾ സൊഹ്റാനൊപ്പം യോജിച്ചു പ്രവർത്തിക്കുന്നതിന് ഒരു പ്രശ്നവുമില്ലെന്നാണ് ട്രംപ് പറയുന്നത്. വൈറ്റ്ഹൗസിൽ സൊഹ്റാനുമായി ട്രംപ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ബദ്ധശത്രുക്കളായ ഇരുവരും കൂടിക്കാഴ്ച വാർത്തകളിൽ പ്രധാന്യം നേടിയിയിരുന്നു.
രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്നുള്ള ഇതുപോലുള്ള കൂടിക്കാഴ്ചകൾ ഇന്ത്യയിലും വേണമെന്നായിരുന്നു ശശി തരൂർ അഭിപ്രായപ്പെട്ടത്. ട്രംപിന്റെയും സൊഹ്റാന്റെയും വിഡിയോ പങ്കുവെച്ചായിരുന്നു തരൂരിന്റെ പ്രതികരണം.
''ജനാധിപത്യം ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടത്. തെരഞ്ഞെടുപ്പുകളിൽ നിങ്ങളുടെ കാഴ്ചപ്പാടിനായി ആവേശത്തോടെ വാക്ചാതുര്യത്തോടെ പോരാടുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ, ആളുകൾ അതെകുറിച്ച് സംസാരിച്ചുകഴിഞ്ഞാൽ, രണ്ടുപേരും രാജ്യത്തിന്റെ പൊതു താൽപ്പര്യങ്ങൾക്കായി പരസ്പരം സഹകരിക്കാൻ പഠിക്കുക. ഇന്ത്യയിൽ ഇത്തരമൊരു സഹകരണം കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്, അതോടൊപ്പം എന്റെ അഭിപ്രായം പറയാനും ശ്രമിക്കുകയാണ്''- എന്നായിരുന്നു തരൂരിന്റെ എക്സ് പോസ്റ്റ്.
അദ്ദേഹം പങ്കുവെച്ച വിഡിയോയിൽ സൊഹ്റാൻ മംദാനിയോട് ട്രംപിനെ ഇപ്പോഴും ഫാഷിസ്റ്റായി കരുതുന്നുണ്ടോ എന്ന് റിപ്പോർട്ടർ ചോദിക്കുന്നത് കേൾക്കാം. അപ്പോൾ ഫാഷിസ്റ്റ് എന്ന് വിളിക്കുന്നതിൽ തനിക്ക് ഒരു പ്രശ്നവുമില്ലെന്നാണ് ഇടയിൽ കയറിയ ട്രംപ് പറയുന്നത്.
തരൂരിന്റെ പോസ്റ്റിനെ പ്രശംസിച്ച് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനവാലയാണ് രംഗത്തുവന്നത്. തന്റെ നിഗൂഢമായ എക്സ് പോസ്റ്റിലൂടെ രാജ്യത്തിനാണ് ഏറ്റവും വലിയ പരിഗണന നൽകേണ്ടതെന്നും അല്ലാതെ ഗാന്ധികുടുംബത്തിനല്ലെന്നും കോൺഗ്രസ് അംഗങ്ങളെ ഓർമപ്പെടുത്തുകയാണ് ശശി തരൂർ എം.പി എന്നായിരുന്നു പൂനവാലയുടെ അവകാശവാദം.
കുടുംബ താൽപര്യത്തിന് പകരം ദേശത്തിന്റെ താൽപര്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് ഒരിക്കൽ കൂടി ശശി തരൂർ പാർട്ടി അംഗങ്ങളെ ഓർമിപ്പിക്കുകയാണ്. എല്ലാം നഷ്ടപ്പെട്ടവരെ പോലെ പെരുമാറുന്നതിന് പകരം, തോൽവി അംഗീകരിച്ച് ജനാധിപത്യരീതിയിൽ സേവനം ചെയ്യണമെന്നും പെരുമാറണമെന്നുമാണ് തരൂർ പറഞ്ഞുവെക്കുന്നതെന്നും പൂനവാല വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമ്പോൾ തട്ടിപ്പ് നടത്തിയാണ് വിജയം എന്ന് പറഞ്ഞ് കോൺഗ്രസ് വിലപിക്കുകയാണ്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ദേശീയ താൽപര്യം മുൻനിർത്തി എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്നാണ് തരൂർ പറയുന്നത്. എന്നാൽ രാഹുൽ ഗാന്ധിക്ക് ഇക്കാര്യം മനസിലാകണമെന്നില്ല. നയതന്ത്രജ്ഞനിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ തരൂരിനെതിരെ കോൺഗ്രസ് പുതിയ ഫത്‍വ പുറപ്പെടുവിക്കാനാണ് സാധ്യത കാണുന്നതെന്നും പൂനവാല പറഞ്ഞു.
ഒരുപക്ഷേ, അടിയന്തരാവസ്ഥക്കാലത്ത് ചിന്താഗതിയിൽ നിന്ന് പുറത്തുവന്ന് കുറച്ചുകൂടി ഉത്തരവാദിത്തമുള്ള പ്രതിപക്ഷമാകണമെന്ന് കോൺഗ്രസിനെ ഓർമപ്പെടുത്തുന്ന ഒരു സന്ദേശം കൂടിയാണിത്. എന്നാൽ രാഹുൽ ഗാന്ധിക്ക് ഇത് മനസിലാകുമോ? ഒരിക്കലുമില്ല. തരൂരിനെതിതെ പുതിയ ഫത്‍വ പുറപ്പെടുവിക്കാനുള്ള നീക്കമായിരിക്കും നടക്കാൻ പോകുന്നത്-പൂനവാല കൂട്ടിച്ചേർത്തു.
സമീപകാലത്ത് കോൺഗ്രസിലെ വിമത ശബ്ദമായി മാറിയിരുന്നു ശശി തരൂർ. സ്വന്തം പാർട്ടിയെ നിശിതമായി വിമർശിക്കുന്ന തരൂർ പലതവണയായി ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും എൽ.കെ അദ്വാനിയെയുമൊക്കെ നിരുപാധികം പ്രശംസിച്ചുകൊണ്ടിരിക്കുകയുമാണ്.
രണ്ടുദിവസം മുമ്പ് നടത്തിയ അദ്ദേഹത്തിന്റെ മോദി പ്രശംസ കോൺഗ്രസ് അംഗങ്ങളെ രോഷാകുലരാക്കിയിരുന്നു.
ബി.ജെ.പിലുടെ നയങ്ങളാണ് ഏറ്റവും മികച്ചതെങ്കിൽ പിന്നെ എന്തിനാണ് കോൺഗ്രസിൽ തുടരുന്നത് എന്നായിരുന്നു ശശി തരൂരിനെതിരെ ഉയർന്ന ചോദ്യം. കോൺഗ്രസിനെ കുടുംബ വാഴ്ചയെ വിമർശിച്ച് തരൂർ എഴുതിയ ലേഖനവും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.