ന്യൂഡൽഹി: ലോക്സഭ സ്പീക്കർ ഓം ബിർളക്കെതിരായ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം മാർച്ച് ഒമ്പതിന് ചർച്ചക്കെടുക്കാൻ സാധ്യത. കോൺഗ്രസ് നേതൃത്വത്തിൽ118 അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് ചൊവ്വാഴ്ച ഉച്ചയോടെ ലോക്സഭാ സെക്രട്ടറി ജനറലിൽ ഉത്പൽ കുമാർസിങ്ങിന് കൈമാറിയിരുന്നു. നോട്ടീസിൽ ലോക്സഭ സെക്രട്ടറി തീരുമാനമെടുക്കുന്നത് വരെ സഭാ നടപടികളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് സ്പീക്കർ ഓം ബിർല അറിയിച്ചു. പ്രതിപക്ഷ കക്ഷികൾ നൽകിയ നോട്ടീസിൽ ആവശ്യമായ തുടർ നടപടി സ്വീകരിക്കാൻ സ്പീക്കർ ലോക്സഭ സെക്രട്ടറി ജനറലിന് നിർദേശം നൽകി.
പ്രതിപക്ഷത്തിന്റെ ജനാധിപത്യ, ഭരണഘടനാപരമായ അവകാശങ്ങൾ തീർത്തും നിഷേധിച്ചുകൊണ്ട്, സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് ലോക്സഭ ഉപനേതാവ് ഗൗരവ് ഗൊഗോയ്, ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ്, വിപ്പ് മുഹമ്മദ് ജാവേദ് എന്നിവരുടെ നേതൃത്വത്തിൽ നോട്ടീസ് നൽകിയത്. രാഹുൽ ഗാന്ധി ഒഴികെ പ്രതിപക്ഷ നിരയിലെ 118 എം.പിമാർ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പുവെച്ചിട്ടുണ്ട്. തന്നെ സംസാരിക്കാൻ അനുവദിക്കാത്ത വിഷമയാതിനാൽ ആണ് രാഹൂൽ ഒപ്പിടാതെ മാറി നിന്നത്. തൃണമൂൽ കോൺഗ്രസ് നോട്ടീസിൽ ഒപ്പു വെച്ചില്ല. കോൺഗ്രസ്, സമാജ്‍വാദി പാർട്ടി, ഡി.എം.കെ, ആർ.ജെ.ഡി, സി.പി.എം, സി.പി.ഐ, സി.പി.ഐ (എം.എൽ), ശിവസേന ഉദ്ധവ്, എൻ.സി.പി (എസ്.പി) എന്നീ ഇൻഡ്യ മുന്നണി അംഗങ്ങളാണ് ഒപ്പുവെച്ചത്.
നിയമപരമായ സാധുതകൾ പരിശോധിച്ച് അവിശ്വാസ പ്രമേയം ചർച്ചക്ക് എടുക്കണോ, വേണ്ടയോ എന്ന് ലോക്സഭ സെക്രട്ടറി ജനറൽ തീരുമാനമെടുക്കുന്നത് വരെ സഭാ നടപടികളിൽ നിന്ന് വിട്ടു നിൽക്കുമെന്നാണ് സ്പീക്കർ ലോക്സഭ സെക്രട്ടറിയേറ്റിനെ അറിയിച്ചത്.
സ്പീക്കറെ നീക്കാനുള്ള പ്രമേയത്തിന് 14 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകണമെന്നാണ് ചട്ടം. ലോക്സഭയുടെ ചരിത്രത്തിൽ നാലാം തവണയാണ് സ്പീക്കറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് വരുന്നത്. മുമ്പ് മൂന്ന് വട്ടവും പാസായിട്ടില്ല. നോട്ടീസ് പരിഗണിച്ചാൽ അംഗങ്ങൾക്കിടയിൽ ഒരാളായി ഇരുന്നുവേണം സ്പീക്കർ ചർച്ചകൾക്ക് മറുപടി നൽകാൻ. വോട്ടിനിടുമ്പോൾ സ്പീക്കർക്ക് വോട്ട് ചെയ്യാൻ അവകാശമുണ്ട്. എന്നാൽ, വോട്ട് സമനിലയായാൽ സ്പീക്കർക്കുള്ള പ്രതേക അധികാരമായ ‘കാസ്റ്റിങ് വോട്ട്’ ഉപയോഗപ്പെടുത്താൻ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.