ഒഡിഷയിൽ കടുവ സംരക്ഷണകേന്ദ്രത്തിന് സമീപമുള്ള ഗ്രാമങ്ങളെ കുടിയൊഴിപ്പിക്കുന്നതിൽ ഗുരുതരവീഴ്ചയെന്ന് മനുഷ‍്യാവകാശകമ്മീഷന്‍

ഭുവനേശ്വർ: സത്കോസ്യ കടുവ സംരക്ഷണകേന്ദ്രത്തിന് സമീപമുള്ള ഗ്രാമവാസികളെ മാറ്റി പാർപ്പിക്കുന്ന നടപടിയിൽ ഗുരുതര പിഴവുകൾ സംഭവിച്ചതായി ഒഡിഷ മനുഷ‍്യാവകാശ കമ്മീഷന്‍. ഫെബ്രുവരി ഒന്‍പതിന് പുറപ്പെടുവിച്ച ഉത്തരവിൽ അന്വേഷണത്തിനായി ഉന്നതതലസമിതി രൂപീകരിക്കാന്‍ സംസ്ഥാന സർക്കാറിനോട് നിർദേശിച്ചു.

ഗ്രാമസഭാ യോഗങ്ങളിലെ അപാകതകൾ, ഗ്രാമത്തിലെ ജനസംഖ‍്യയിൽ വന്ന മാറ്റങ്ങൾ, വീടുകൾ, ഭൂമി, മരങ്ങൾ ഉപജീവനമാർഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളിൽ നടത്തിയ അശാസ്ത്രീയമായ ഇടപെടൽ തുടങ്ങി നിരവധി ക്രമകേടുകളാണ് നടന്നിട്ടുള്ളത്. ഭുരുഗുണ്ടി, അസന്‍ബഹൽ, കതരംഗ, തുലുക, തിക്കരപദ, ഗോപാൽപുർ തുടങ്ങി നിരവധി ഗ്രാമങ്ങളിലെ ആളുകളെയാണ്  മാറ്റിപാർപ്പിച്ചത്. ഇവയിൽ ഭൂരിഭാഗവും റവന്യൂ ഗ്രാമങ്ങളാണ്.

സമിതിയിൽ മുതിർന്ന ഉദ്യോഗസ്ഥരെയും വന്യജീവി-വനാവകാശനിയമം, പുനരധിവാസനയം എന്നിവയിൽ വിദഗ്ധരായവരെയും ഉൾപ്പെടുത്തണമെന്നാണ് ഉത്തരവ്. നാലാഴ്ച്ക്കകം സമിതി രൂപീകരിക്കാനാണ് നിർദേശം.

നടപടിയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ആവശ്യമെങ്കിൽ വകുപ്പുതല, ക്രിമിനൽ നടപടികൾ ശുപാർശ ചെയ്യണമെന്നും ഉത്തരവിൽ ചൂണ്ടികാട്ടി. ആറ് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ഗ്രാമവാസികളെ മാറ്റിപാർപ്പിക്കുന്ന പ്രക്രിയ  താത്കാലികമായി നിർത്തിവെക്കും.

മാറ്റിപാർപ്പിച്ച നിരവധി ഗ്രാമങ്ങൾ റവന്യൂ വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ നിരവധി നിയമ നടപടികൾ പാലിച്ചാണ് പുനരധിവാസം നടത്തേണ്ടതെന്നും വനഗ്രാമത്തിന് തുല്യമായി ഇവയെ പരിഗണിക്കരുതെന്നും ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Human Rights Commission says serious setback in eviction of villages near tiger reserve in Odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.