ഇംഫാൽ: മണിപ്പൂരിലെ ഉഖ്റൂൽ ജില്ലയിൽ മൂന്ന് ദിവസമായി തുടരുന്ന തങ്ഖുൽ നാഗ, കുക്കി വിഭാഗങ്ങൾക്കിടയിലെ സംഘർഷം അവസാനിപ്പിക്കാൻ ഇരുവിഭാഗങ്ങളും ശ്രമം തുടരുന്നു. ചൊവ്വാഴ്ച വീണ്ടും ജില്ലയിൽ അക്രമസംഭവങ്ങൾ അരങ്ങേറിയ സാഹചര്യത്തിൽ നിലവിലെ സ്ഥിതി സങ്കീർണ്ണമാണെന്നും ഇരുവിഭാഗങ്ങളും തമ്മിൽ ധാരണയിൽ എത്തിയിട്ടില്ലെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന റിപ്പോർട്ട്. ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും എങ്ങുമെത്താതെ സംഘർഷങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. ചൊവ്വാഴ്ച ലിതാനിലും സമീപഗ്രാമങ്ങളിലുമുണ്ടായ അക്രമത്തിൽ 40 ലേറെ വീടുകൾക്ക് തീയിട്ടു. പിന്നാലെ ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തി.
ഇംഫാലിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെ ഇംഫാൽ-ഉഖ്റൂൽ പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമാണ് ലിതാൻ . ഫെബ്രുവരി ഏഴിന് ലിതാന്‍ സരൈഖോങിൽ മദ്യലഹരിയിലുണ്ടായ തർക്കമാണ് നിലവിലെ സംഘാർഷാവസ്ഥയിലേക്കെത്തിച്ചത്. സ്റ്റെർലിംഗ് എന്ന തങ്ഖുൽ നാഗ വിഭാഗത്തിൽപ്പെട്ടയാൾക്ക് തർക്കത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതോടെ തർക്കം രൂക്ഷമാവുകയും ഇരു വിഭാഗങ്ങൾ തമ്മിലെ ഏറ്റുമുട്ടലായി മാറുകയും ചെയ്തു. ഉഖ്റൂൽ ജില്ലയിൽ ഭൂരിഭാഗവും തങ്ഖുൽ നാഗ വിഭാഗമാണ്.
ബുധനാഴ്ച നാഗ-കുക്കി വിഭാഗങ്ങളിലെ നേതാക്കൾ മുഖ‍്യമന്ത്രി യുംനാം ഖേംചന്ദുമായി കൂടികാഴ്ച നടത്തും.
നിരവധി പേർ ഇരകളായതോടെ, സംഘർഷം നിയന്ത്രണാതീതമായി. സുരക്ഷാ സേനയുടെ സാന്നിധ്യത്തിലും അക്രമം തുടരുന്നത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ച് ആളുകൾ വളരെ ആശങ്കയിലാണെന്നും, തങ്ഖുൽ നാഗാ വിഭാഗക്കരോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടതായും നാഗ ലോംഗ് വൈസ് പ്രസിഡന്റ് ആർ.എസ്. ജോളിസൺ പറഞ്ഞു.
ചില വ്യക്തികൾ തമ്മിലുള്ള തർക്കത്തിൽ ആരംഭിച്ച സംഘർഷം രണ്ട് വിഭാഗങ്ങളെയും ബാധിച്ചുവെന്നും, പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നും ഉഖ്റൂൽ കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് മെഴ്‌സി ഖോങ്‌സായിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.