മൂന്ന് മക്കളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്തു, വീടിന്‍റെ ചുമരിൽ ആത്മഹത്യക്കുറിപ്പ്

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ ചൊവ്വാഴ്ച ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മക്കളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മനീഷ് കുമാർ (35), ഭാര്യ സീമ (32 ), കുട്ടികളായ ഹണി (8), പ്രിയാൻഷി (5), പ്രതീക് (3) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

ആത്മഹത്യക്ക് മുൻപ് മനീഷ് റെക്കോർഡുചെയ്‌ത വീഡിയോയും ചുമരിൽ എഴുതിയ സന്ദേശവും കണ്ടെത്തി. പതിവായി കളിക്കാനെത്തിയിരുന്ന കുട്ടികള കാണാതായതിനെ തുടർന്ന് അയൽക്കാർക്ക് സംശയം തോന്നി സഹോദരനെ വിവരം അറിയിക്കുകയായിരുന്നു. മനീഷ് കുമാറിന്‍റെ സഹോദരൻ ജനാലയിലൂടെ നോക്കിയപ്പോൾ അനക്കമൊന്നും കാണാത്തതിനാൽ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മരിച്ചതായി കണ്ടത്.

മൃതദേഹങ്ങൾക്ക് സമീപം പാൽ ഗ്ലാസ് കണ്ടെത്തിയതിനാൽ തിങ്കളാഴ്ച രാത്രി കുടുംബം പാലിൽ വിഷം കലർത്തി കഴിച്ചിരിക്കാമെന്നായായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇവരുടെ മരണത്തിന് വ്യത്യസ്ത കാരണങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. മനീഷ് വൈദ്യുതാഘാതമേറ്റും ഭാര്യ തൂങ്ങിയും മരിക്കുകയായിരുന്നു. മൂന്ന് കുട്ടികളെ ശ്വാസംമുട്ടിച്ച് കൊന്നതായാണ് റിപ്പോർട്ടിലുള്ളതെന്ന് സീനിയർ പോലീസ് സൂപ്രണ്ട് ശ്ലോക് കുമാർ അറിയിച്ചു.

മരണത്തിന് മുമ്പ് മനീഷ് റെക്കോർഡ് ചെയ്ത ഒരു വീഡിയോ സന്ദേശം ലഭിച്ചിട്ടുണ്ട്. വീഡിയോയിൽ, "ഞങ്ങൾ സ്വന്തം ഇഷ്ടപ്രകാരം മരിച്ചതാണ്. ആരുടേയും തെറ്റല്ല. പൊലീസ് ആരെയും ബുദ്ധിമുട്ടിക്കരുത്. ഞാൻ വളരെ അസ്വസ്ഥനായിരുന്നു, അതുകൊണ്ടാണ് ആരും ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് അഭ്യർഥിക്കുന്നത്" എന്ന് പറയുന്നുണ്ട്.

അടുത്തിടെ ഒരു സ്ഥലം 12 ലക്ഷം രൂപക്ക് വിറ്റതായും വാങ്ങിയ ആളെ ഒരു തരത്തിലും കുറ്റപ്പെടുത്തരുതെന്നും കുറിപ്പിൽ പറയുന്നുണ്ട്. 'ഞങ്ങൾ, മനീഷും സീമയും, സ്വന്തം ഇഷ്ടപ്രകാരമാണ് മരിക്കുന്നത്' എന്ന കുറിപ്പ് ചുമരിൽ എഴുതിയിട്ടുണ്ട്.  തെളിവുകൾ ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ഉത്തർപ്രദേശ് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Couple commits suicide after killing three children, leaves suicide note on wall of house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.