‘നേതൃത്വത്തെ വിമർശിച്ചില്ല, പറയാത്തത് പത്രത്തിൽ വന്നു’; തന്‍റെ വാക്കുകൾ വളച്ചൊടിച്ചെന്ന് ശശി തരൂർ

ന്യൂഡൽഹി: തന്‍റെ അഭിമുഖത്തിലെ പരാമർശങ്ങളെ ഇന്ത്യൻ എക്സ്പ്രസ് പത്രം വളച്ചൊടിച്ചുവെന്നും പോഡ്കാസ്റ്റിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചിട്ടില്ലെന്നും ശശി തരൂർ എം.പി. താൻ പറയാത്ത കാര്യം തലക്കെട്ടായി നൽകി പത്രം അപമാനിച്ചു. നിരുത്തരവാദപരമായ മാധ്യമപ്രവർത്തനമാണ് ഇന്ത്യൻ എക്സ്പ്രസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും തരൂർ എക്സിൽ പോസ്റ്റുചെയ്ത വിശദീകരണക്കുറിപ്പിൽ പറയുന്നു. വാർത്തയിലെ ഒരു ഭാഗത്ത് പിശകുണ്ടെന്ന് പത്രം വ്യക്തമാക്കിയതിനു പിന്നാലെയാണ് തരൂരിന്‍റെ വിശദീകരണക്കുറിപ്പ്.

തന്‍റെ പോഡ്കാസ്റ്റ് എടുത്തശേഷം ഇന്ത്യൻ എക്സ്പ്രസ് അത് വളച്ചൊടിച്ചുവെന്നാണ് തരൂർ ആരോപിക്കുന്നത്. വാർത്തക്ക് ‘തനിക്ക് വേറെ വഴികളുണ്ട്’ എന്ന് തലക്കെട്ട് നൽകിയത് തെറ്റിദ്ധാരണാജനകമാണ്. എഴുത്ത്, വായന, പ്രസംഗങ്ങൾ തുടങ്ങി തനിക്ക് പല വഴികളുണ്ടെന്ന് പോഡ്കാസ്റ്റിൽ വ്യക്തമായി പറ‍യുന്നുണ്ട്. എന്നാൽ വേറെ ഏതോ പാർട്ടിയിലേക്ക് പോകുന്നുവെന്ന തരത്തിൽ തലക്കെട്ട് വരികയും അത്തരത്തിൽ ചർച്ചയുണ്ടാകുകയും ചെയ്തു.

കേളത്തിൽ നല്ല നേതൃത്വത്തമില്ലെന്ന് പറഞ്ഞതായി റിപ്പോർട്ടിലുണ്ടായിരുന്നു. അത് പിന്നീട് പലരും ബ്രേക്കിങ് ന്യൂസാക്കുകയും നേതാക്കൾ പ്രതികരിക്കുകയും ചെയ്തു. എന്നാൽ യഥാർഥത്തിൽ അങ്ങനെയല്ല പറഞ്ഞതെന്ന് പിന്നീട് പത്രംതന്നെ തിരുത്തി. കേരളത്തിൽ നേതാക്കളുണ്ട്, അണികളുടെ കുറവിനെ കുറിച്ചാണ് അഭിമുഖത്തിൽ പറഞ്ഞത്. അത് തർജമക്കിടെവന്ന പിശകാണെന്ന് പത്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അതിന്‍റെ അടിസ്ഥാനത്തിലുണ്ടായ പല പ്രശ്നങ്ങളും തന്നെ വേട്ടയാടുന്ന നിലയിലെത്തി.

നിരുത്തരവാദപരമായ മാധ്യമപ്രവർത്തനമാണ് ഇന്ത്യൻ എക്സ്പ്രസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും തരൂർ വിശദീകരണക്കുറിപ്പിൽ പറയുന്നു. താൻ ഒരു പാർട്ടിയിലേക്കും പോകില്ലെന്ന സന്ദേശമാണ് കുറിപ്പിലൂടെ തരൂർ നൽകുന്നത്. അനാവശ്യ ചർച്ചകൾക്ക് വഴിവെച്ചത് വാർത്തയുടെ തലക്കെട്ടാണ്. ഇക്കാര്യത്തിൽ പത്രം തന്നോട് മാപ്പ് പറഞ്ഞിട്ടില്ല. പോഡ്കാസ്റ്റിനെ ആകർഷിക്കാൻ തെറ്റായ രീതിയിൽ തലക്കെട്ട് നൽകിയത് ശരിയായില്ലെന്നും തരൂർ വിമർശിച്ചു. ശനിയാഴ്ച കോൺഗ്രസ് നേതൃയോഗം ചേരാനിരിക്കെയാണ് തരൂരിന്‍റെ വിശദീകണക്കുറിപ്പ്.

Tags:    
News Summary - ‘Leadership was not criticized, what was not said got into the headline’; Shashi Tharoor says that the newspaper distorted his words

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.