ശശി തരൂർ, രാഹുൽ ഗാന്ധി
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകൾ ചർച്ചകളിലൂടെ അവസാനിപ്പിച്ചതിനു പിന്നാലെ ലോക്സഭ പ്രതിപക്ഷ നേതാവും പാർട്ടി നേതാവുമായ രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ശശി തരൂർ എം.പി. രാഹുലിനെ ആത്മാർത്ഥതയുള്ള നേതാവെന്ന് വിശേഷിപ്പിച്ച തരൂർ, വർഗീയതക്കെതിരായ പോരാട്ടത്തിൽ രാജ്യത്തെ ഉറച്ച ശബ്ദമായും രഹുലിനെ വിശേഷിപ്പിച്ചു.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ന്യൂഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചകൾക്കു പിന്നാലെ തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു ദേശീയ വാർത്താ ഏജൻസിക്കു നൽകിയ പ്രതികരണത്തിൽ ശശി തരൂരിന്റെ പ്രശംസ. കോൺഗ്രസ് നേതൃത്വവുമായി തരൂരിന്റെ ഭിന്നതകൾ അവാനിപ്പിച്ച്, പൂർവാധികം ശക്തിയോടെ പാർട്ടിയുമായി സഹകരിപ്പിക്കുന്നതിനായാണ് നേതാക്കൾ തരൂരുമായി കൂടികാഴ്ച നടത്തിയത്.
രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ചർച്ചയിൽ ശശി തരൂരിനെ പാർട്ടിക്ക് ആവശ്യമുണ്ടെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും , ഭിന്നതകൾ പറഞ്ഞു തീർക്കുകയും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയത്തിനായി തരൂരിന്റെ പ്രവർത്തനം ഉറപ്പാക്കുകയും ചെയ്തു.
പാർട്ടിയുമായി തനിക്ക് ഭിന്നതയില്ലെന്നും തിരുവനന്തപുരത്തെത്തിയ ശശി തരൂർ പ്രതികരിച്ചു.
വർഗീയതക്കും വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയത്തിനുമെതിരെ നിരന്തരം സംസാരിക്കുന്ന രാഹുലിനെ എല്ലാവർക്കും ഇഷ്ടമാണ്. എനിക്കും അതിൽ മറ്റൊരു അഭിപ്രായമില്ല -തരൂർ പറഞ്ഞു.
അതേസമയം, ചില വിഷയങ്ങളിൽ തന്റെ നിലപാടുകളും പ്രസ്താവനകളും മാധ്യമങ്ങൾ ബി.ജെ.പി അനുകൂലമെന്ന് വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയാധിഷ്ടിതമായി സർക്കാറിനോ, രാജ്യത്തിനോ അനുകൂലമായി മാത്രമേ താൻ നിലപാട് എടുത്തിട്ടുള്ളൂവെന്നും വ്യക്തമാക്കി.
നയതന്ത്ര, അന്താരാഷ്ട്ര വിഷയങ്ങളിൽ കോൺഗ്രസ് നിലപാടിന് വിരുദ്ധമായി പാർട്ടിയുടെ പാർലമെന്റ് അംഗവും എ.ഐ.സി.സി വർക്കിങ് കമ്മിറ്റി അംഗവുമായ തരൂരിന്റെ ഭിന്ന നിലപാടുകൾ കോൺഗ്രസിനെ പലപ്പോഴും വെട്ടിലാക്കിയിരുന്നു.
അന്താരാഷ്ട്ര കാര്യങ്ങളിൽ രാഷ്ട്രീയത്തിനപ്പുറം, രാജ്യത്തെക്കുറിച്ചാണ് സംസാരിക്കാൻ ഇഷ്ടപ്പെടുന്നതെന്ന് തരൂർ പറഞ്ഞു.
കോൺഗ്രസ് വിടും എന്നുള്ള അഭ്യൂഹങ്ങളെയും അദ്ദേഹം തള്ളി. ‘ഞാൻ കോൺഗ്രസുകാരനാണ്. കോൺഗ്രസ് വിട്ട് എവിടേക്കും പോകില്ലെന്നും എനിക്ക് പറയാൻ കഴിയും. കേരളത്തിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകും, മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കും- തരൂർ വ്യക്തമാക്കി.
ന്യൂഡൽഹിയിൽ ഖാർഗെയും രാഹുൽ ഗാന്ധിയുമായും നടത്തിയ ചർച്ചകൾ ക്രിയാത്മകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.