ന്യൂഡൽഹി: മണ്ഡല പുനർനിർണയം സംബന്ധിച്ച് വിപുലമായ ചർച്ചകൾ നടക്കണമെന്നും അല്ലാത്തപക്ഷം അത് രാഷ്‍ട്രീയപരമായ നോട്ടുനിരോധനമായി മാറുമെന്നും കോൺഗ്രസ് എം.പി ശശി തരൂർ. നോട്ടുനിരോധനത്തിന് കാട്ടിയ അതേ തിടുക്കമാണ് മണ്ഡല പുനർനിർണയത്തിന്‍റെ കാര്യത്തിലും സർക്കാർ കാട്ടുന്നത്.
സ്ത്രീശക്തി നീതിയുടെ സമ്മാനമായി സർക്കാർ മാറ്റിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുന്നതെങ്കിലും അത് മുള്ളുവേലിയിൽ പൊതിഞ്ഞിരിക്കുകയാണെന്ന് ലോക്സഭയിലെ ചർച്ചയിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. വനിതാ സംവരണം മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിക്കുന്നത് ഇന്ത്യൻ സ്ത്രീകളുടെ അഭിലാഷങ്ങൾക്ക് വിലങ്ങിടുന്നതിന് തുല്യമാണ്.
പാർലമെന്‍റിൽ നിലവിലുള്ള അംഗബലം അടിസ്ഥാനമാക്കിയാണ് വനിതാ സംവരണം നടപ്പാക്കേണ്ടത്. മണ്ഡല പുനർനിർണയം ഭൂപടം മാറ്റിവരക്കലല്ല, രാഷ്‍ട്രീയാധികാരത്തിൽ വരുത്തുന്ന വലിയ മാറ്റമാണ്. അതിലെ സങ്കീർണതകൾ രാജ്യത്തെ ഫെഡറൽ സംവിധാനത്തിന്‍റെ നൂലിഴകൾക്ക് ഭംഗം വരുത്തുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വഴിപാടുപോലെ എന്തെങ്കിലും ചെയ്യുന്ന ശീലം അവസാനിപ്പിച്ച് തുല്യപങ്കാളിത്തത്തോടെ മുന്നേറണമെന്ന കാര്യത്തിൽ ഒരു പാർട്ടിക്കും വിയോജിപ്പില്ലെങ്കിലും ഇപ്പോൾ കൊണ്ടുവരുന്ന നിയമഭേദഗതി അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.