ന്യൂഡൽഹി: നവരാത്രി മഹോത്സവങ്ങളുടെ ഭാഗമായി ആളുകൾ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതിനാൽ ഇറച്ചിക്കടകൾ ഒമ്പത് ദിവസം അടച്ചിടണമെന്ന് മേയർമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകൾ ഒന്നും ഇറങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇറച്ചിക്കട ഉടമകൾ സ്വമേധയാ കടകൾ അടച്ചത്. ഇറച്ചിക്കട ഉടമകൾ ഉദ്യോഗസ്ഥരുടെ നടപടി ഭയന്നാണ് അവരുടെ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്.
ഒമ്പത് ദിവസത്തെ ഉത്സവത്തോടനുബന്ധിച്ച് ഇറച്ചിക്കടകൾ അടച്ചുപൂട്ടണമെന്ന് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെയും ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെയും മേയർമാർ ആവശ്യപ്പെട്ടിരുന്നു. രണ്ടിടത്ത് ബി.ജെ.പിയാണ് ഭരിക്കുന്നത്.
ഈസ്റ്റ് ഡൽഹി മേയർ ശ്യാം സുന്ദർ അഗർവാൾ നവരാത്രി വേളയിൽ "90 ശതമാനം ആളുകൾ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നില്ല" എന്ന് അവകാശപ്പെട്ടു. മേയർമാരുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ രൂക്ഷമായ പ്രതികരണങ്ങൾക്ക് കാരണമായി. ബി.ജെ.പി എം.പി പർവേഷ് സാഹിബ് സിംഗ് വർമ്മ മേയർമാരുടെ ആഹ്വാനത്തെ പിന്തുണച്ച് രംഗത്തെത്തി. നവരാത്രി സമയത്ത് രാജ്യത്തുടനീളം അത്തരം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് എം.പി പറഞ്ഞു.
നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല എസ്.ഡി.എം.സി മേയറെ രൂക്ഷമായി വിമർശിച്ചു. "റംസാൻ കാലത്ത് ഞങ്ങൾ സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഇടയിൽ ഭക്ഷണം കഴിക്കില്ല. മുസ്ലീം ഇതര താമസക്കാരെയോ വിനോദസഞ്ചാരികളെയോ പൊതുസ്ഥലത്ത്, പ്രത്യേകിച്ച് മുസ്ലീങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിൽ നിന്ന് വിലക്കിയാൽ കുഴപ്പമില്ലെന്ന് ഞാൻ കരുതുന്നു. ആധിപത്യമുള്ള പ്രദേശങ്ങൾ. ഭൂരിപക്ഷവാദം ദക്ഷിണ ഡൽഹിക്ക് ശരിയാണെങ്കിൽ, അത് ജമ്മു കശ്മീരിനും ശരിയായിരിക്കണം'' -അദ്ദേഹം പറഞ്ഞു. അധികാരികളുടെ നടപടി ഭയന്ന് ഐ.എൻ.എയിലും ജോർബാഗിലുമടക്കം തെക്കൻ ഡൽഹിയിലെ നിരവധി മാർക്കറ്റുകളിലെ ഇറച്ചിക്കടകൾ ചൊവ്വാഴ്ച അടഞ്ഞുകിടന്നു.
ഐ.എൻ.എ മാർക്കറ്റിൽ 40 ഓളം ഇറച്ചി കടകളുണ്ടെന്നും മേയറുടെ പരാമർശത്തെ തുടർന്നാണ് കടകൾ അടച്ചിടാൻ തീരുമാനിച്ചതെന്നും ചില ഉടമകൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.