ചെന്നൈ: തിങ്കൾ പുലർച്ചെ ചെന്നൈ-ബംഗളൂരു ഹൈവേയിൽ (എൻ.എച്ച് 44) വാനിനു പിന്നിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഏഴ് സ്ത്രീകൾ മരിച്ചു. എം. മീന (50), ഡി. ദേവയാനി (32), പി. സെയ്തു (55), എസ്. ദേവിക (50), വി. സാവിത്രി (42), കെ. കലാവതി (50), ആർ. ഗീത (34) എന്നിവരാണ് മരിച്ചത്.
നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് വാനിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. തിരുപ്പത്തൂർ ജില്ലയിലെ നട്രംപള്ളി ടൗണിന് സമീപം സന്ദായ്പള്ളി ഗ്രാമത്തിൽ പുലർച്ചെ 2.40ഓടെയാണ് അപകടം. വാനിന്റെയും ലോറിയുടെയും ഡ്രൈവർമാർ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേർ സ്ത്രീകളാണ്.
മരിച്ചവർ പെർനമ്പത്ത് ടൗണിൽ നിന്നുള്ളവരായിരുന്നെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇവർ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി പോകും വഴിയാണ് അപകടം. സ്കൂളിലേക്കുള്ള സ്മാർട്ട് ബോർഡുകളും കയറ്റി ബംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പോകുന്ന ലോറിയാണ് വാനിൽ ഇടിച്ചത്.
പരിക്കേറ്റവരെ കൃഷ്ണഗിരിയിലെയും തിരുപ്പത്തൂരിലെയും സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നാട്രംപള്ളി പൊലീസ് കേസെടുത്തു. തിരുപ്പത്തൂർ കലക്ടർ ഡി. ഭാസ്‌കര പാണ്ഡ്യനും ആശുപത്രിയിലെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.