'വിവേകശൂന്യമായ ഡി.എം.കെ'; പ്രധാനമന്ത്രിയുടെ പിതാവിനെക്കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്‍റെ പരാമർശത്തിനെതിരെ ബി.ജെ.പി

ചെന്നൈ: 'പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയമില്ലെന്നും 'പ്രധാനമന്ത്രിയുടെ പിതാവ് വന്നാൽ പോലും' തങ്ങൾ ഭയപ്പെടുന്നില്ലെ'ന്നുമുളള ഉദയനിധി സ്റ്റാലിന്‍റെ  പരാമർശത്തിനെതിരെ വിമർശമനവുമായി ബി.ജെ.പി. പരാമർശത്തെ 'വിവേകശൂന്യവും സദാചാര വിരുദ്ധവും' എന്ന് വിശേഷിപ്പിച്ച് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനവാല രംഗത്തെത്തി. ഞായറാഴ്ച കോയമ്പത്തൂരിൽ ഡി.എം.കെയുടെ യുവജന വിഭാഗം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ഉദയനിധി വിമർശനം ഉന്നയിച്ചത്.

'മോദി ടി.വിയിൽ വരുമ്പോൾ നോട്ടുനിരോധനവും ലോക്ക്ഡൗണും പോലെ എന്ത് പ്രഖ്യാപനമാണ് ഉണ്ടാവുക എന്ന് ഭയന്ന് ജനങ്ങൾ പേടിക്കാറുണ്ടെന്നും എന്നാൽ സ്റ്റാലിൻ ടി.വിയിൽ വരുമ്പോൾ പുതിയ പദ്ധതികൾ കേട്ട് ജനങ്ങൾ സന്തോഷിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടിന്‍റെ അവകാശങ്ങൾക്കായി ഞങ്ങൾ പോരാടും. പ്രധാനമന്ത്രി മോദിയെ ഞങ്ങൾ ഭയപ്പെടില്ല. അദ്ദേഹത്തിന്‍റെ പിതാവ് വന്നാൽ പോലും' പരിപാടിയിൽ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യത്തിനെതിരെയും എ.ഐ.എ.ഡി.എം.കെ അധ്യക്ഷൻ എടപ്പാടി കെ. പളനിസ്വാമിക്കെതിരെയും പരിപാടിയിൽ വിമർശനം ഉന്നയിച്ചിരുന്നു.'പത്ത് പരാജയങ്ങൾ ഏറ്റുവാങ്ങിയ എടപ്പാടി പളനിസ്വാമിയെ നമ്മൾ പുറത്താക്കണ'മെന്നാണ് ഉദയനിധി പറഞ്ഞത്.

അതെസമയം പ്രധാനമന്ത്രിയെയും കുടുംബത്തെയും അധിക്ഷേപിച്ചതിൽ ഉദയനിധി സ്റ്റാലിനെതിരെയും കോൺഗ്രസിനെതിരെയും പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് ബി.ജെ.പി. ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചക്കോടിയിൽ സഖ്യകക്ഷികളായ കോൺഗ്രസ് നടത്തിയ 'ഷർട്ടിടാത്ത' പ്രതിഷേധത്തെയും ഉദയനിധിയുടെ പഴയ സനാതന ധർമ്മത്തെയും ഷെഹ്സാദ് പൂനവാല വിമർശിച്ചു. എ.ഐ ഉച്ചക്കോടിയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം അങ്ങേയറ്റം മോശമായിരുന്നു. ഇപ്പോൾ അവരുടെ  പാർട്ടിയായ ഡി.എം.കെയും എല്ലാ മര്യാദകളും ലംഘിച്ചിരിക്കുന്നുവെന്ന് പൂനവാല വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

തമിഴ്നാട്ടിൽ ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ സഖ്യം അധികാരത്തിൽ വരുമെന്നും ഡി.എം.കെ പരാജയപ്പെടുമെന്ന ഭയത്താലാണ് ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുന്നതെന്നും തെലങ്കാന ബി.ജെ.പി അധ്യക്ഷൻ എൻ. രാംചന്ദർ റാവു പറഞ്ഞു. ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ തമിഴ്നാടും ഡൽഹിയും തമ്മിലുള്ള പോരാട്ടമെന്നാണ് ഉദയനിധി വിശേഷിപ്പിച്ചത്.

Tags:    
News Summary - 'Senseless DMK': BJP slams Udhayanidhi Stalin for remarks on PM's father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.