മംഗളൂരുവിൽ മത്സരിക്കുമെന്ന് മുതിർന്ന ആർ.എസ്.എസ് നേതാവ്; മോദിക്കും നദ്ദക്കും കത്തെഴുതി

മംഗളൂരു: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണ കന്നട (മംഗളൂരു) മണ്ഡലത്തിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് മുതിർന്ന ആർ.എസ്.എസ്-ബി.എം.എസ് നേതാവ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവർക്ക് തന്റെ സന്നദ്ധതയും അനിവാര്യതയും അറിയിച്ച് കത്തെഴുതിയതായി ഗണേശ് ഷേണായ് ചൊവ്വാഴ്ച മംഗളൂരു പ്രസ് ക്ലബിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കത്തിന്റെ പകർപ്പ് വിതരണം ചെയ്ത ഷേണായ്, നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങൾ ഇനിയും വീടുകളിൽ എത്തിയിട്ടില്ലെന്ന് പറഞ്ഞു. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞാണ് താൻ ഈ പ്രായത്തിൽ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നതെന്നാണ് ഷേണായി പറയുന്നത്.

‘കർണാടകയിൽ കോൺഗ്രസ് സർക്കാർ ഭരണത്തിൽ വൈദ്യുതി നിരക്കിൽ 55 ശതമാനം വർധന വരുത്തി. ഭൂ രജിസ്ട്രേഷൻ ഫീസും പാലിന്റേയും ഉപ ഉല്പന്നങ്ങളുടേയും വിലയും കൂട്ടി. ഹിന്ദു പ്രവർത്തകർക്കെതിരായ അക്രമം പെരുകുകയാണ്. ഇതിനൊന്നും എതിരെ പാർട്ടി നേതാക്കൾ നേരാംവണ്ണം പ്രതിഷേധിക്കുന്നില്ല’ -ഷേണായ് പറഞ്ഞു.

വാർത്താസമ്മേളനത്തിൽ പണമ്പൂർ നരസിംഹ ഭണ്ഡാർകർ, കെ. വെങ്കിടേഷ് നായ്ക് എന്നിവർ പങ്കെടുത്തു.

സിറ്റിംഗ് എം.പി നളിൻ കുമാർ കട്ടീൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഹാട്രിക് വിജയം വരിച്ച മണ്ഡലമാണ് ദക്ഷിണ കന്നട. ബിജെപി കർണാടക സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയ കട്ടീലിന് ലോക്സഭ തെരഞ്ഞെടുപ്പിൽ നാലാമൂഴം ലഭിക്കുമോ എന്ന ചർച്ചകൾ നടക്കുന്നുണ്ട്.

Tags:    
News Summary - Senior RSS worker seeks BJP nomination from Dakshina Kannada in 2024 LS polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.