സുപ്രീംകോടതി
ന്യൂഡൽഹി: ഓൺലൈൻ മീഡിയകളെ നിയന്ത്രിക്കാൻ സ്വതന്ത്രമായ സംവിധാനം വേണമെന്ന് സുപ്രീംകോടതി. നിഷ്പക്ഷമായ സ്വതന്ത്ര സംവിധാനം ഓൺലൈൻ മീഡിയകളിലൂടെ വരുന്ന അശ്ലീല, നിയമവിരുദ്ധ ഉള്ളടക്കം നിയന്ത്രിക്കാൻ വേണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഓൺലൈൻ മീഡിയകളുടെ സ്വയംനിയന്ത്രണം മാത്രം ഫലപ്രദമാവില്ലെന്ന് കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗച്ചി തുടങ്ങിയവർ ഉൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. പോഡ്കാസ്റ്റർ രൺവീർ അലഹബാദിയയുടെ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി പരാമർശം. 'ഇൻഡ്യാസ് ഗോട്ട് ടാലൻറ്' ഷോക്കിടെ നടത്തിയ പരാമർശങ്ങളിൽ എടുത്ത കേസുകൾ റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടാണ് രൺവീർ സുപ്രീംകോടതിയെ സമീപിച്ചത്.
ഓൺലൈൻ മീഡിയകളെ നിയന്ത്രിക്കാനുള്ള നിർദേശങ്ങൾ കേന്ദ്രസർക്കാറിന്റെ പരിഗണനയിലാണെന്ന് അറ്റോണി ജനറൽ ആർ.വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് വിവിധ ആളുകളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുട്യൂബ് ചാനലുകളിലൂടെ വ്യക്തികൾ പബ്ലിഷ് ചെയ്യുന്ന കണ്ടന്റിലെ ഉള്ളടക്കത്തിലും ചിലപ്പോൾ വൈകൃതങ്ങളുണ്ടാവുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
യുട്യുബ് ചാനൽ ഉടമകൾക്ക് കണ്ടന്റിനുമേൽ യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത സ്ഥിതി ഉണ്ടാവരുതെന്നും കോടതി ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള കണ്ടന്റ് ക്രിയേറ്റേഴ്സിനെ നിയന്ത്രിക്കാൻ യാതൊരു സംവിധാനവുമില്ലേയെന്നും കോടതി ചോദിച്ചു. ലക്ഷക്കണക്കിനാളുകളാണ് ഓൺലൈൻ മീഡിയകൾ വഴി പുറത്തുവരുന്ന ഇത്തരം കണ്ടന്റുകളുടെ ഇരയാകുന്നതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.