രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പൊട്ടിച്ച ഹൈഡ്രജൻ ബോംബിൽ ഞെട്ടിത്തരിച്ച് രാജ്യത്തെ വോട്ടർമാർ. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ കേന്ദ്രീകൃത അട്ടിമറിയിൽ 25 ലക്ഷത്തോളം വോട്ടുകൾ കവർന്നെന്ന രാഹുലിന്റെ വെളിപ്പെടുത്തലുമായി ന്യൂഡൽഹിയിൽ വാർത്താ സമ്മേളനം അവസാനിക്കും മുമ്പേ സാമൂഹിക മാധ്യമങ്ങളിൽ ചോദ്യമുയർത്തിയും, തെരഞ്ഞെടുപ്പു കമ്മീഷന്റെ മറുപടി തേടിയും മാധ്യമ പ്രവർത്തകരും പൊതു പ്രവർത്തകരും വോട്ടർമാരും രംഗത്തെത്തി.
പ്രധാനമായും ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ച് നടന്ന വ്യാപക കള്ളവോട്ടിനെ കുറിച്ചായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞത്. വാർത്താ സമ്മേളനത്തിന്റെ തുടക്കത്തിലായിരുന്നു രാഹുൽ ഹരിയാനയിലെ വോട്ടർപട്ടികയിൽ കടന്നു കൂടിയ ബ്രസീലിയൻ മോഡലിന്റെ ചിത്രം പ്രദർശിപ്പിച്ചത്. സീമ, സ്വീറ്റി, സരസ്വതി, രശ്മി, വിൽമ തുടങ്ങി വ്യത്യസ്ത പേരുകളിലായി ഒരേ ചിത്രത്തിൽ വോട്ടർപട്ടികയിൽ ഇടം നേടി 10 ബൂത്തുകളിലായി 22 വോട്ടുകൾ രേഖപ്പെടുത്തിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ.
തെളിവുകൾ സഹിതം നടന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി എന്താണെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ ചോദ്യം. കഴിഞ്ഞ ആഗസ്റ്റിൽ നടന്ന ആദ്യ വാർത്താ സമ്മേളനത്തിനിടയിൽ തന്നെ രാഹുലിനെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ കുറിപ്പ് ഇറക്കിയെങ്കിൽ ഇത്തവണ എവിടെ മറുപടിയെന്നാണ് വോട്ടർമാർ ഉൾപ്പെടെ പൊതുജനത്തിന്റെ ചോദ്യം.
ബി.ജെ.പിയെ സഹായിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും വലിയ തട്ടിപ്പാണ് രാഹുൽ ഗാന്ധി വെളിപ്പെടുത്തിയതെന്ന് ശിവസേന ഉദ്ദവ് നേതാവ് ആദിത്യ താക്കറെ വ്യക്തമാക്കി. ‘രാഷ്ട്രീയ പരമായി രാഹുലിനോടും കോൺഗ്രസിനോടും ഇൻഡ്യ മുന്നണിയോടും അഭിപ്രായവ്യത്യാസമാവാം. പക്ഷേ ഇത് രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രങ്ങളെയും കുറിച്ചല്ല. വോട്ട് ചോരിയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ രാഷ്ട്രീയ വീക്ഷണങ്ങൾ പരിഗണിക്കാതെ, എല്ലാ ഇന്ത്യക്കാരും കാണേണ്ടതാണ്’ -ആദിത്യ താക്കറെ ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഹരിയാനയിലെ തെരഞ്ഞെടുപ്പിനെ എങ്ങനെ ബി.ജെ.പി അട്ടിമറിച്ചുവെന്ന് വെളിപ്പെടുത്തുന്നതാണ് രാഹുലിന്റെ ശബ്ദമെന്നും അദ്ദേഹം പ്രതികരിച്ചു.
ഹരിയാനയിലെ വോട്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് രാഹുലിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതെന്നായിരുന്നു നിയമജ്ഞൻ പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം. കർണാടകയിലെയും മഹാരാഷ്ട്രയിലെയും വോട്ട് അട്ടിമറിക്കു പിന്നാലെയുള്ള വെളിപ്പെടുത്തൽ ബി.ജെ.പിയുടെയും മോദിയുടെയും അമിത് ഷായുടെയും ഏജന്റായി പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നമ്മുടെ ജനാധിപത്യത്തെ എങ്ങനെ ഒരു പ്രഹസനമാക്കി മാറ്റിയിരിക്കുന്നുവെന്ന് തെളിയിക്കുന്നുവെന്നും പ്രശാന്ത് ഭൂഷൺ കുറിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ചോദ്യവുമായി മാധ്യമ പ്രവർത്തകൻ രവിഷ് കുമാറും രംഗത്തെത്തി. ‘ആരാണിത്...? ഗ്യാനേഷ് കുമാർ, നിങ്ങളുടെ ഉത്തരം എന്താണ്? ഇതുപോലുള്ള തിരഞ്ഞെടുപ്പുകൾ നടക്കുകയാണെങ്കിൽ, മുൻകൂട്ടി ഫലങ്ങൾ എഴുതി പ്രിന്റ് നൽകുക. എല്ലാം നേരത്തെ പൂർത്തിയാക്കുക. ഇതെല്ലാം കണ്ട് ഉദ്യോഗസ്ഥർ ലജ്ജിക്കണം. ഹരിയാന തിരഞ്ഞെടുപ്പിൽ ഒരു ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് വോട്ട് ചെയ്യുന്നു. ബീഹാറിൽ എന്താണ് സംഭവിക്കുന്നത്?’ -രവിഷ് കുമാർ ചോദിച്ചു.
മതീയസ് ഫെറാരോ എന്ന ബ്രസീലിയൻ മോഡലിന്റെ ചിത്രത്തിൽ വ്യാജ വോട്ടർമാരെ സൃഷ്ടിച്ചാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് രാഹുൽ വാർത്താ സമ്മേളനത്തിൽ തെളിവുകൾ നിരത്തി വിശദീകരിച്ചു. മോഡലിന്റെ ഫേസ് ബുക് പേജിന്റെ ചിത്രവും രാഹുൽ പങ്കുവെച്ചിരുന്നു.
കോൺഗ്രസ് തോറ്റ 8 മണ്ഡലങ്ങളിൽ ആകെ വോട്ടു വ്യത്യാസം 22,729 മാത്രമാണെന്നും രാഹുൽ പറഞ്ഞു. ഹരിയാനയിൽ നടന്നത് കേന്ദ്രീകൃത തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്നും വ്യക്തമാക്കി. 521,619 ഡൂപ്ലിക്കേറ്റ് വോട്ടുകളാണ് കണ്ടെത്തിയത്. അതിൽ 93,174 വ്യാജ വിലാസങ്ങൾ തിരിച്ചറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.