സീഷെൽസ് കോസ്റ്റ് ഗാർഡിന് ഇന്ത്യ നിർമ്മിച്ച അതിവേഗ പട്രോൾ കപ്പൽ കൈമാറി; സമുദ്രസുരക്ഷാ സഹകരണം കൂടുതൽ ശക്തമാക്കി മോദി

ന്യൂഡൽഹി: സീഷെൽസിലെ  മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ നിർമ്മിച്ച അതിവേഗ പട്രോളിങ് കപ്പലായ 'പി.എസ്. ലെസ്പ്വാർ (PS LESPWAR)' സീഷെൽസ് കോസ്റ്റ് ഗാർഡിന് ഔപചാരികമായി കൈമാറി.  കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് നടന്ന കപ്പൽ  കൈമാറ്റ ചടങ്ങിൽ സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയും പങ്കെടുത്തു. ഇന്ത്യയും സീഷെൽസും തമ്മിലുള്ള പ്രതിരോധ, സമുദ്രസുരക്ഷാ സഹകരണത്തിൽ പുതിയ നാഴികക്കല്ലായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.

വിദേശകാര്യ മന്ത്രാലയം നൽകുന്ന വിവരമനുസരിച്ച്, പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ഈ അതിവേഗ പട്രോൾ കപ്പൽ സീഷെൽസ് കോസ്റ്റ് ഗാർഡിന്റെ സമുദ്രനിരീക്ഷണ ശേഷി ഗണ്യമായി വർധിപ്പിക്കും. പ്രത്യേകിച്ച് രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ പട്രോളിംഗ്, അനധികൃത മത്സ്യബന്ധനം തടയൽ, കടൽക്കൊള്ളയും കടത്ത് പ്രവർത്തനങ്ങളും നിരീക്ഷിക്കൽ, തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ എന്നിവ കൂടുതൽ കാര്യക്ഷമമായി നടത്താൻ ഈ കപ്പൽ സഹായകരമാകും.

കപ്പൽ കൈമാറ്റത്തിനൊപ്പം, ഇന്ത്യ സീഷെൽസിന് ആറ് ആംബുലൻസുകളും 10 യൂട്ടിലിറ്റി വാഹനങ്ങളും അഞ്ച് ലേസർ റാഡിയൽ ബോട്ടുകളും സമ്മാനിച്ചു. സീഷെൽസിന്റെ ആരോഗ്യ, സുരക്ഷ, ദുരന്തനിവാരണ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ഈ സഹായങ്ങൾ കൂടുതൽ കരുത്ത് പകരുമെന്ന് ഇന്ത്യ അറിയിച്ചു.

"കൂട്ടുകെട്ടിലൂടെ ഒന്നിച്ച്, ഒത്തൊരുമയോടെ കൂടുതൽ ശക്തരായി" എന്ന സന്ദേശത്തോടെയാണ് വിദേശകാര്യ മന്ത്രാലയം ഈ സഹകരണത്തെ വിശേഷിപ്പിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച വിഷൻ മഹാസാഗർ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സഹായങ്ങൾ നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ ഉറപ്പാക്കാൻ മേഖലയിലെ സൗഹൃദരാജ്യങ്ങളുമായി പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

സീഷെൽസിന്റെ സമുദ്രസുരക്ഷാ ശേഷി വർധിപ്പിക്കുന്നതിൽ ഇന്ത്യ വർഷങ്ങളായി പ്രധാന പങ്കാളിയാണ്. മുമ്പും ഇന്ത്യ പട്രോൾ കപ്പലുകൾ, ഡോർണിയർ നിരീക്ഷണ വിമാനം, പരിശീലനം, സാങ്കേതിക സഹായം എന്നിവ സീഷെൽസിന് നൽകിയിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ തന്ത്രപ്രധാന സ്ഥാനമുള്ള സീഷെൽസുമായുള്ള ഈ പ്രതിരോധ സഹകരണം ഇന്ത്യയുടെ സമുദ്ര നയത്തിലെ പ്രധാന ഘടകമായാണ് കണക്കാക്കപ്പെടുന്നത്.

ഈ സന്ദർശനത്തിനിടെ സമുദ്രസുരക്ഷ, പ്രതിരോധ സഹകരണം, വികസനപദ്ധതികൾ, ആരോഗ്യരംഗം, ശേഷിവികസനം എന്നിവ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണം കൂടുതൽ വിപുലീകരിക്കാൻ ധാരണയിലെത്തിയതായും അധികൃതർ അറിയിച്ചു.

Tags:    
News Summary - India hands over fast patrol vessel to Seychelles Coast Guard; Modi strengthens maritime security cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.