ഹെൽമെറ്റ് ധരിക്കാത്തതിന് സ്കൂട്ടർ യാത്രക്കാരന് പിഴ 21 ലക്ഷം രൂപ; ​ചലാൻ വൈറലായതിന് പിന്നാലെ തിരുത്തി പൊലീസ്

മുസാഫർനഗർ: ഹെൽമെറ്റ് ധരിക്കാത്തതിന് സ്കൂട്ടർ യാത്രക്കാരന് പിഴ ചുമത്തിയത് 21 ലക്ഷം രൂപ. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലാണ് സംഭവം. ഒരുലക്ഷം വിലയുള്ള സ്കൂട്ടറിന് ലഭിച്ച പിഴയെന്ന രീതിയിൽ ചലാൻ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ, പൊലീസ് പിഴത്തുക 4,000 രൂപയായി തിരുത്തുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച മുസാഫർനഗർ ന്യൂ മണ്ടി പ്രദേശത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രദേശവാസിയായ അൻമോൾ സിംഗാളിനെ പോലീസ് തടഞ്ഞത്. പരിശോധന സമയത്ത് ഇയാൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ആവശ്യമായ രേഖകളൊന്നും അൻമോൾ സിംഗാളിന്റെ പക്കലുണ്ടായിരുന്നില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

തുടർന്ന്, സ്കൂട്ടർ പിടിച്ചെടുത്ത പൊലീസ് 20,74,000 രൂപ പിഴയായി ചുമത്തുകയായിരുന്നു. വൻ പിഴ തുട കണ്ട് ഞെട്ടിയ അൻമോൾ ചലാന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു. ഇതിന് പിന്നാലെ, ​പൊലീസ് പിഴത്തുക 4,000 രൂപയായി തിരുത്തുകയായിരുന്നു.

ചലാൻ നൽകിയ സബ് ഇൻസ്പെക്ടർക്ക് പറ്റിയ പിഴവാണ് ചലാനിൽ തുക മാറിവരാൻ ഇടയാക്കിയതെന്ന് മുസാഫർനഗർ പോലീസ് സൂപ്രണ്ട് (ട്രാഫിക്) അതുൽ ചൗബെ പറഞ്ഞു. വാഹനം പരിശോധിച്ച സബ് ഇൻസ്പെക്ടർ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 207 പ്രകാരമാണ് നടപടിയെടുത്തത്. എന്നാൽ, 207 ന് ശേഷം ‘എം.വി ആക്ട്’ എന്ന് ചേർക്കാൻ മറന്ന​തോടെ 207ഉം വകുപ്പനുസരിച്ചുള്ള കുറഞ്ഞ പിഴത്തുകയായ 4,000 രൂപയും ഒന്നിച്ച് കാണപ്പെടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

മോട്ടോർ വാഹന നിയമത്തിൽ സെക്ഷൻ 207 പ്രകാരം അധികൃതർക്ക് മതിയായ രേഖകളില്ലാത്ത വാഹനം പിടിച്ചെടുക്കാനാവും.

Tags:    
News Summary - Scooter Costs A Lakh, Rider Fined Rs 21 Lakh. What Traffic Cops Said

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.