തൂത്തുകൂടി: ബി.ജെ.പി സർക്കാറിനെതിരെ മുദ്രാവാക്യം മുഴക്കിയതിന് പൊലീസ് അറസ്റ്റ് ചെയ്ത ഗവേഷക വിദ്യാർഥി ലൂയിസ് സോഫിയക്ക് ജാമ്യം. തൂത്തുകുടി കോടതിയാണ് ജാമ്യം അനുവദിച്ചത്. അതിനിടെ, പൊലീസിനെതിരെ പരാതിയുമായി സോഫിയയുടെ പിതാവ് രംഗത്തെത്തി. പൊലീസ് മകളെ ഉപദ്രവിച്ചുവെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി തമിഴ്നാട് പ്രസിഡന്‍റ് തമിഴിസൈ സൗന്ദര്‍രാജനെതിരെ സോഫിയ ഒന്നും പറഞ്ഞിട്ടില്ല. ബി.ജെ.പി സർക്കാറിനെതിരെയാണ് മുദ്രാവാക്യം വിളിച്ചതെന്നും തൂത്തുകുടിയിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന പിതാവ് സാമി വ്യക്തമാക്കി.
ബി.ജെ.പിക്കും കേന്ദ്രസർക്കാറിനുമെതിരെ വിമാനത്തിൽ വെച്ച് മുദ്രാവാക്യം മുഴക്കിയതിനാണ് കാനഡയിലെ മോൺട്രിയൽ സർവ്വകലാശാലയിലെ ഗവേഷക സോഫിയ അറസ്റ്റിലായത്. ‘ഫാസിസം തുലയട്ടെ’ എന്ന് മുദ്രാവാക്യം വിളിച്ചതിനായിരുന്നു അറസ്റ്റ്.
ചെന്നൈയിൽ നിന്ന് തൂത്തുക്കുടിയിലേക്കുള്ള വിമാന യാത്രയിലാണ് സംഭവം. വിമാനത്തിനകത്ത് വെച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് തമിഴിസൈ സൗന്ദർരാജനു നേരെ സോഫിയ ‘ഫാസിസം തുലയട്ടെ’ എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിന് കാരണമാവുകയും സോഫിയയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധസമരത്തെക്കുറിച്ചും ചെന്നൈ സേലം എക്സ്പ്രസ് ഹൈവേക്കെതിരെയും വ്യാപകമായി ലൂയിസ് സോഫിയ എഴുതിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.