ന്യൂഡൽഹി: ഐ.ഐ.ടി ഖരഖ്പൂരിലെ വിദ്യാർഥിയുടെയും രാജസ്ഥാനിലെ കോട്ടയിലെ നീറ്റ് പരീക്ഷാർഥിയുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ജെ.ബി പർദേവാല, ആർ. മാധവൻ എന്നിവരടങ്ങിയ ബെഞ്ച് രണ്ടിടങ്ങളിലേയും രജിസ്ട്രികളിൽ നിന്നുള്ള വിശദാംശങ്ങൾ എത്രയും വേഗത്തിൽ ഹാജരാക്കണമെന്ന് ഉത്തരവിട്ടു.
ഈ മാസം നാലിന് ഐ.ഐ.ടി ഖരക്പൂരിൽ 22 വയസ്സുള്ള വിദ്യാർഥി ആത്മഹത്യ ചെയ്തത് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. മൂന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിയെ മദൻ മോഹൻ മാളവ്യ ഹാൾ ഹോസ്റ്റലിലെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ബീഹാറിലെ ശിയോഹർ ജില്ലയിൽ നിന്നുള്ള മുഹമ്മദ് ആസിഫ് ഖമർ എന്ന വിദ്യാർഥിയായിരുന്നു അതെന്ന് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. മരിക്കുന്നതിന്റെ ഏതാനും നിമിഷങ്ങൾക്ക് മുമ്പ് തന്റെ ഡൽഹിയിലുള്ള സുഹൃത്തിന് ഖമർ വിഡിയോ കോൾ ചെയ്തിരുന്നതായി മാധ്യമ റിപ്പോർട്ടുകൾ കാണിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത് നിർഭാഗ്യകരമാണെന്നും വിദ്യാർഥിയുടെ ആത്മഹത്യയുടെ വിവിധ വശങ്ങൾ പരിശോധിക്കാൻ തങ്ങൾ ഒരു നിയുക്ത സംഘത്തെ നിയോഗിച്ചതായും കോടതി ചൂണ്ടിക്കാട്ടി. നേരത്തെ ഇത്തരം ആത്മഹത്യകളിൽ അന്വേഷണ സംഘത്തെ രൂപീകരിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. മുൻ സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് രവീന്ദ്ര ഭട്ട് ആണ് സംഘത്തെ നയിക്കുക.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ആത്മഹത്യ തടയുന്നതിന് അവരുടെ മാനസികാരോഗ്യത്തെ അഭിസംബോധന ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഖരഗ്പൂർ ഐ.ഐ.ടി മാനേജ്‌മെന്റോ അഡ്മിനിസ്ട്രേഷനോ മുൻ നിർദേശങ്ങൾക്കനുസൃതമായി പ്രാദേശിക പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കാൻ ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തുകയാണെന്നും സുപ്രീംകോടതി പറഞ്ഞു.
നീറ്റ് പരീക്ഷ എഴുതാനിരുന്ന വിദ്യാർഥിയുടെ സമാനമായ ആത്മഹത്യയും കോടതി ചൂണ്ടിക്കാട്ടി. കോട്ടയിലെ പരശ്വനാഥ് മേഖലയിലെ തന്റെ മുറിയിലാണ് മധ്യപ്രദേശിലെ ഷിയോപൂരിൽ നിന്നുള്ള 18കാരി ആത്മഹത്യ ചെയ്തത്. വർഷങ്ങളായി തന്റെ മാതാപിതാക്കൾക്കൊപ്പം കോട്ടയിൽ താമസിച്ച് നീറ്റിനായുള്ള തയ്യാറെടുപ്പിലായിരുന്നു പെൺകുട്ടിയെന്ന് കോടതി ചൂണ്ടിക്കാട്ടി. 2025ൽ മാത്രം കോട്ടയിൽ നടക്കുന്ന 17ാമത്തെ ആത്മഹത്യയാണിത്. ഈ ആത്മഹത്യകളിൽ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് അറിയിക്കണമെന്ന് ബെഞ്ച് ഉത്തരവിട്ടു. വിഷയം വീണ്ടും പരിഗണിക്കുന്നതിനായി മെയ് 13ലേക്ക് മാറ്റി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥി ആത്മഹത്യകളുടെ അസ്വസ്ഥതയുണ്ടാക്കുന്ന രീതി ചൂണ്ടിക്കാട്ടി മാർച്ച് 24ന് സുപ്രീംകോടതി ഡൽഹി പൊലീസിനോട് എസ്.സി/എസ്.ടി വിഭാഗത്തിൽ നിന്നുള്ള രണ്ട് ഡൽഹി ഐ.ഐ.ടി വിദ്യാർത്ഥികളുടെ മരണത്തെക്കുറിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ നിർദേശിച്ചിരുന്നു.
‘ഗുരുതരമായ പ്രശ്നം’ മനസ്സിലാക്കേണ്ട സമയമായിരിക്കുന്നു എന്ന് പറഞ്ഞ കോടതി, വിദ്യാർഥികൾക്കിടയിൽ ഇത്തരം ദുരിതത്തിന് കാരണമാകുന്ന അടിസ്ഥാന കാരണങ്ങൾ പരിഹരിക്കുന്നതിനും ലഘൂകരിക്കുന്നതിനും സമഗ്രവും ഫലപ്രദവുമായ മാർഗനിർദേശങ്ങൾ തയ്യാറാക്കാനും അന്ന് ഉത്തരവിട്ടു. അന്വേഷണ സംഘത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള ചെലവിലേക്കായി രണ്ടാഴ്ചക്കുള്ളിൽ രജിസ്ട്രിയിൽ 20 ലക്ഷം രൂപ നിക്ഷേപിക്കാൻ ബെഞ്ച് കേന്ദ്രത്തോട് നിർദേശിച്ചു.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ആത്മഹത്യകളുടെ അസ്വസ്ഥയേറ്റുന്ന പ്രവണതകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, വിദ്യാർഥികളെ സ്വന്തം ജീവൻ എടുക്കാൻ പ്രേരിപ്പിക്കുന്ന വിവിധ ഘടകങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ ശക്തവും സമഗ്രവും പ്രതികരണശേഷിയുള്ളതുമായ ഒരു സംവിധാനത്തിന്റെ അടിയന്തര ആവശ്യകതയെ ഈ ദുരന്തങ്ങൾ അടിവരയിടുന്നുവെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.