എട്ട് മാസത്തിനുള്ളിൽ പത്തിലധികം കസ്റ്റഡി മരണങ്ങൾ; പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി കാമറകൾ പ്രവർത്തനക്ഷമമല്ലാത്തതിൽ കേസെടുത്ത് സുപ്രീം കോടതി

ന്യൂഡൽഹി; പൊലീസ് സ്റ്റേഷനുകളിലെ സി.സി.ടി.വി കാമറകൾ പ്രവർത്തനക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. കസ്റ്റഡി അതിക്രമങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് കോടതി ഉത്തരവ്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നടപടികൾ ആരംഭിച്ചു.

കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ 11 കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്ത പത്രപ്രവർത്തകൻ ദൈനിക് ഭാസ്‌കറിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് നടപടി.

'കഴിഞ്ഞ എട്ട് മാസത്തിനിടെ പൊലീസ് കസ്റ്റഡിയിൽ 11 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ, 'പൊലീസ് സ്റ്റേഷനുകളിൽ പ്രവർത്തനക്ഷമമായ സി.സി.ടി.വികളുടെ അഭാവം' എന്ന പേരിൽ സ്വമേധയാ പൊതുതാൽപ്പര്യ ഹരജി സമർപ്പിക്കാൻ ഞങ്ങൾ നിർദേശിക്കുന്നുവെന്ന് ബെഞ്ച് ഉത്തരവിൽ പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പൊലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിരിക്കണമെന്ന് 2020 ഡിസംബറില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രവേശന, എക്സിറ്റ് പോയിന്റുകളിലും പ്രധാന ഗേറ്റുകളിലും ലോക്കപ്പുകളിലും ഇടനാഴികളിലും ലോബിയിലും സ്വീകരണ മുറികളിലും ലോക്കപ്പിന ് പുറത്തുള്ള സ്ഥലങ്ങളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉറപ്പാക്കണമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു.

സി.സി.ടി.വി സംവിധാനങ്ങൾ രാത്രി കാഴ്ച സംവിധാനത്തോടെയുള്ളതായിരിക്കണം. ഓഡിയോ, വിഡിയോ ദൃശ്യങ്ങൾ സജ്ജീകരിക്കണമെന്നും കേന്ദ്രം, സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവ കുറഞ്ഞത് ഒരു വർഷത്തേക്ക് ഡാറ്റ സൂക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള സംവിധാനങ്ങൾ സ്ഥാപിക്കേണ്ടത് നിർബന്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

എല്ലാ പൊലീസ് സ്റ്റേഷനുകളിലും കാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. പലയിടത്തും അത് പൂര്‍ണമായി നടപ്പാക്കിയിട്ടില്ലെന്നും സ്ഥാപിച്ച പലയിടത്തും കാമറകള്‍ പ്രവര്‍ത്തന സജ്ജമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

Tags:    
News Summary - SC registers suo motu PIL on lack of functional CCTVs in police stations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.